പാരന്പര്യമായി പുരുഷാധിപത്യമുള്ള ഒരു രാജ്യത്ത് പെൺമക്കളെ വളർത്തുക എന്നത് വിപ്ലവകരമായ പ്രവൃത്തിയാണെന്നുള്ള കുറിപ്പുമായി ഒരു അച്ഛൻ. ഇന്ത്യയിൽ പെൺമക്കളെ വളർത്തുന്നതിനെക്കുറിച്ചാണ് യു ആൻഡ് ഐയുടെ സഹസ്ഥാപകനായ അജിത് ശിവറാം വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'എല്ലാ ദിവസവും രാവിലെ, തന്‍റെ പെൺമക്കൾ യൂണിഫോം ധരിക്കുന്നതും, അവരുടെ സ്വപ്നങ്ങൾ അടുക്കിവയ്ക്കുന്നതും, അവർക്കുവേണ്ടിയല്ലാത്ത ഒരു ലോകത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതും ഞാൻ കാണുന്നു' എന്നാണ് ശിവറാമിന്‍റെ കുറിപ്പ്. പക്ഷേ, അവരുടെ ആഗ്രഹങ്ങളെ ചോദ്യം ചെയ്യുന്ന, അവരുടെ ചിരിയെ നിയന്ത്രിക്കുന്ന, അവർ എത്രമാത്രം നിശബ്ദരാണെന്നു നോക്കി അവരുടെ അവരുടെ മൂല്യം അളക്കുന്ന ഒരു ലോകമാണ് അവർക്കു ചുറ്റുമുള്ളത്.

രാജ്യത്ത് സ്ത്രീകൾക്കു നേരെ നിലനിൽക്കുന്ന വിവേചനങ്ങളെക്കുറിച്ചെല്ലാം ശിവറാം തന്‍റെ പോസ്റ്റിൽ വാചാലനാകുന്നുണ്ട്. പലരും തന്നോട് ഒരു ആൺ കുട്ടി ഇല്ലാത്തതിൽ ബുദ്ധിമുട്ടുന്നുണ്ടോയെന്നു ചോദിക്കാറുണ്ട്. അതിന് പലപ്പോഴും വിശദീകരണം നൽകേണ്ടി വരാറുണ്ട്. ഭാര്യയോടാകട്ടെ അയൽക്കാർ ചോദിക്കുന്നത് മക്കളെ ബാലെ പഠിപ്പിക്കുന്നതിനെക്കുറിച്ചാണ്. അവർ ഒരിക്കലും സയൻസ് പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കാറില്ല. അത് എന്തുകൊണ്ടാകും എന്നും അദ്ദേഹം ചോദിക്കുന്നു.


അവർക്കായിവിശാല ലോകം സൃഷ്ടിക്കാൻ പോരാടുന്പോൾ സമൂഹം അവരെ ചുരുക്കുകയാണ്.
നിങ്ങൾ അതു ചെയ്യരുത്, ഇത് ചെയ്യരുത് എന്നുള്ള വിലക്കുകൾ മാത്രമാണ് അവർക്കു നൽകുന്നത്. എന്‍റെ നേതൃത്വം എന്നത് അധികാരത്തിൽ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് അത് സഹാനുഭൂതിയിലാണ് അടിസ്ഥാനമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും വീട്ടിലെത്തുമ്പോൾ മക്കൾ തന്നോട് ഇന്നത്തെ ദിവസം എങ്ങനെയുണ്ട് എന്ന് ചോദിക്കും. 'നമുക്ക് ജീവിക്കാൻ തക്കതായ രീതിയിൽ ഈ ലോകം മാറ്റുന്നതിന് ഇന്ന് നിങ്ങൾ എന്തെങ്കിലും ചെയ്തോ' എന്ന ചോദ്യം അപ്പോൾ അവരുടെ കണ്ണുകളിൽ എനിക്ക് കാണാം എന്നാണ് ശിവറാം കുറിപ്പിൽ പറയുന്നത്.