വെള്ളത്തെ പേടിക്കണം..!
മുരളി തുമ്മാരുകുടി
Saturday, April 19, 2025 9:36 AM IST
കേരളത്തിൽ ഓരോ വർഷവും 1,200 ലധികം ആളുകളാണു മുങ്ങിമരിക്കുന്നത്. ഇതിൽ ഒരു ശതമാനംപോലും യാത്രയ്ക്കിടയിൽ ബോട്ട് മുങ്ങി സംഭവിക്കുന്നത് അല്ല. കുളിക്കാനും കളിക്കാനുമൊക്കെയായി പുഴയിലും കുളത്തിലും ഇറങ്ങുമ്പോൾ സംഭവിക്കുന്നതാണ്. വേനലവധിക്കാലത്താണ് മുങ്ങിമരണങ്ങൾ ഏറെയും സംഭവിക്കുന്നത്. മരിക്കുന്നവരാകട്ടെ അധികവും കുട്ടികളും ചെറുപ്പക്കാരും. അല്പം ജലസുരക്ഷാബോധം, വേണ്ടത്ര മേൽനോട്ടം, വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം എന്നിവ ഉണ്ടെങ്കിൽ ഒറ്റ വർഷംകൊണ്ട് ഈ മരണസംഖ്യ പകുതിയാക്കാം.
ജലസുരക്ഷയെപ്പറ്റി കുട്ടികൾക്കാണു പ്രധാനമായും ബോധവത്കരണം നൽകേണ്ടത്. തീ പോലെ പേടിയോ മുന്നറിയിപ്പോ വെള്ളം നല്‍കുന്നില്ലെന്നും മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുതെന്നും അവരെ നിര്‍ബന്ധമായും പറഞ്ഞു മനസിലാക്കുക. അത് ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും.
നീന്തലറിയാത്ത ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവധിക്കാലത്ത് നീന്തല്‍ പഠിപ്പി ക്കുക. നീന്തൽ പരിശീലനം മാതാപിതാക്കൾ സ്വയമേറ്റെടുക്കാതെ പ്രഫഷണലുകൾക്കു വിടുന്നതാണു സുരക്ഷിതം.
വെള്ളത്തില്‍ വച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസില് കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടുകാരോടും ബന്ധുക്കളോടും ഇത്തരക്കാരെക്കുറിച്ച് പറയുകയും വേണം.
വിനോദയാത്ര പോകുമ്പോൾ വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്താനുള്ള ലൈഫ് ബോയും മറ്റും കരുതുക. വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും വെള്ളത്തിലെ ജീവൻരക്ഷാ ഉപകരണമാകും. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതു മാത്രമാണു സുരക്ഷിതമാര്‍ഗം.
ദേഹമാകെ വാരിച്ചുറ്റുന്ന സാരിപോലുള്ള കേരളീയ വസ്ത്രങ്ങൾ ധരിച്ച് വെള്ളത്തിലകപ്പെട്ടാൽ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാകും. വെള്ളത്തിലൂടെയുള്ള യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകുന്പോൾ അത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കണം. ഒഴുക്കുള്ള വെള്ളത്തിൽ ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റിവീണാല്‍ ഒരടി വെള്ളത്തിൽപോലും മുങ്ങിമരണം സംഭവിക്കാം.
സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങിക്കിടക്കുന്ന ഫ്ളോട്ട്, കൈയില്‍ കെട്ടുന്ന ഫ്ളോട്ട് ഇവയൊന്നും പൂര്‍ണസുരക്ഷ നല്‍കുന്നില്ല. മദ്യപിച്ചശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. നമ്മുടെ ജഡ്ജ്മെന്റ് പൂർണമായും തെറ്റുന്ന സമയമാണത്. നേരം ഇരുട്ടിയശേഷവും വെള്ളത്തിൽ ഇറങ്ങാതിരിക്കുക.