നല്ല ബാക്ടീരിയകളെ പട്ടിണിക്കിടരുത്..!
കൃഷ്ണൻ രാംദാസ്
Tuesday, April 15, 2025 4:34 PM IST
നമ്മുടെ കുടലുകളിൽ വസിക്കുന്ന നല്ല ബാക്റ്റീരിയകളിൽ ഒന്നിന്റെ പേരാണ് അക്കർമാൻസിയ മ്യുസിനിഫില. ഭക്ഷണശകലങ്ങളിലെ ഒ ഷുഗർ, ഒ ഗ്ലൂക്കൻസ് എന്നിവയെ വേണ്ടവിധം വിഘടിപ്പിച്ച് ഊർജവും മറ്റ് അവശ്യ പോഷകങ്ങളായ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളും ചില വിറ്റാമിനുകളും പ്രദാനം ചെയ്യാൻ പോന്നയാളാണു കക്ഷി.
വെണ്ടയ്ക്കയിലെ വഴുവഴുപ്പ് പുറത്തുവന്ന് സാമ്പാർ വല്ലാതെ കുറുകിപ്പോകാതിരിക്കാനും വെണ്ടയ്ക്ക ഉടഞ്ഞുലഞ്ഞ് പോകാതിരിക്കാനും വെണ്ടയ്ക്ക കഷണങ്ങൾ ചെറുതായൊന്ന് വറുത്തിടാറില്ലേ? വെണ്ടയ്ക്കയിലെ ആ വഴുവഴുപ്പാർന്ന ‘മ്യൂസിൻ’ കാത്തുസൂക്ഷിക്കുന്ന ഒരു സവിശേഷ ബാക്റ്റീരിയ കൂടിയാണ് നേരത്തെ പറഞ്ഞ അക്കർമാൻസിയ മ്യുസിനിഫില. വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ശരീരഭാരം കുറയാനും ഈ സവിശേഷ ബാക്റ്റീരിയകളുടെ സജീവസാന്നിധ്യം വേണ്ടതുണ്ട്.
ഭക്ഷണങ്ങളിൽനിന്ന് ആവശ്യത്തിന് മ്യൂസിൻ കിട്ടാതെ വന്നാൽ ഈ ബാക്റ്റീരിയകൾ വയറിന്റെയും കുടലിന്റെയും ഉൾഭിത്തികളെ സംരക്ഷിക്കുന്ന മ്യൂസിൻ തിന്നുമുടിക്കും. കുടലിലെ മ്യൂസിൻ സ്തരം നഷ്ടമായാൽ അൾസർ വരും. ഭക്ഷണങ്ങളിൽ നിറത്തിനും മണത്തിനും രുചിക്കുമായി ചേർക്കുന്ന രാസവസ്തുക്കൾ നേരിട്ട് രക്തത്തിലേക്ക് കടക്കാനിടയാക്കും. അതാകട്ടെ വിവിധങ്ങളായ അലർജികൾക്കും മറ്റ് രോഗാവസ്ഥകൾക്കും കാരണമാകുകയും ചെയ്യും.
അക്കർമാൻസിയ മ്യുസിനിഫിലയ്ക്ക് നല്ല മ്യൂസിൻ ഭക്ഷണം ആവശ്യത്തിന് ലഭ്യമാക്കുന്നത്, ബാക്റ്റീരിയകൾക്കു മാത്രമല്ല, നമുക്കും ഗുണം ചെയ്യും. ആപ്പിൾ, വാഴപ്പഴം, മാമ്പഴം പപ്പായപ്പഴം എന്നീ ഫലങ്ങളും വെണ്ടയ്ക്ക, കറ്റാർവാഴ, മധുരക്കിഴങ്ങ് എന്നിവകളും മ്യൂസിനുകളാലും നാരുകളാലും സമ്പന്നമാണ്.
വെണ്ടയ്ക്ക കിച്ചടിയുടെ ചേരുവകകൾ അറിയാമോ? നാല് വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി നേർമയായി അരിഞ്ഞ് ചെറുങ്ങനെ വറുത്തുകോരി നല്ല നാടൻ തൈരും തേങ്ങയും ചേർത്തരച്ചതുമായി ചേർത്തിളക്കി ആവശ്യത്തിന് കടലുപ്പോ കരയുപ്പോ ചേർത്ത് കുറച്ച് കടുകും മുറിച്ചിട്ട വറ്റൽ മുളകും കറിവേപ്പിലയും താളിച്ചു ചേർത്താൽ വെണ്ടയ്ക്ക കിച്ചടി റെഡി.
ഈ കിച്ചടിയിലെ ചേരുവകകളിലെല്ലാം, കുടലിലെ നല്ല ബാക്റ്റീരിയകൾക്ക് വിഭജിച്ചു പെരുകാൻ അനിവാര്യമായ നാരുകളും മ്യൂസിനുകളും ധാരാളം. എൺപതിൽ കുറയാത്ത ധാതുലവണങ്ങൾ വേറെയുമുണ്ട്. അതുകൊണ്ട് വെണ്ടയ്ക്ക കിച്ചടി ആസ്വദിച്ചുതന്നെ കഴിക്കാം!