50,000 രൂപ കൊടുത്ത് ബുക്ക് ചെയ്തു; കാലൊടിഞ്ഞയാൾക്ക് വീൽചെയറില്ല, കിട്ടയത് ഒടിഞ്ഞ മേശയും മോശം സീറ്റുകളും, എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും പരാതി
Tuesday, April 15, 2025 12:48 PM IST
വിമാന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വൈകിയെത്തുന്ന വിമാനം, വിമാനത്തിനുള്ളിലെ മോശം സേവനങ്ങൾ, സീറ്റും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെയും മോശം അവസ്ഥ എന്നിവയെല്ലാം ചർച്ചയാകാറുണ്ട്.
നടനും ഹാസ്യതാരവുമായ വീർ ദാസും അദ്ദേഹത്തിന് എയർ ഇന്ത്യയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ വിവരിക്കുകയാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹവും ഭാര്യയും നേരിട്ട ബുദ്ധിമുട്ടുകൾ പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഭാര്യക്ക് കാലിന് പരിക്കേറ്റതിനാൽ നടക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് വീൽചെയർ നേരത്തെ ബുക്ക് ചെയ്തിരുന്നു. പക്ഷേ, വീൽചെയർ സേവനം ലഭിച്ചില്ല എന്നും അദ്ദേഹം പറയുന്നു. വിമാനത്തിന്റെ പടികൾ പരിക്കേറ്റ കാലുപയോഗിച്ച് നടന്നിറങ്ങേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള AI816 വിമാനത്തിലാണ് ദന്പതികൾ യാത്ര ചെയ്തത്. വീൽ ചെയർ മാത്രമായിരുന്നില്ല പ്രശ്നം. ഒരു സീറ്റിന് 50,000 രൂപ നൽകിയാണ് ബുക്ക് ചെയ്തത്. പക്ഷേ, തകർന്ന മേശ, കേടുപാടുകൾ സംഭവിച്ച ലെഗ് റസ്റ്റുകൾ, ചാരിയിരിക്കുന്ന സ്ഥാനത്ത് കുടുങ്ങിയ സീറ്റ് എന്നിങ്ങനെ മൊത്തം മോശമായ അവസ്ഥയിലായിരുന്നു.
എക്സിൽ അദ്ദേഹം ഇങ്ങനെ എഴുതി “പ്രിയപ്പെട്ട @airindia ദയവായി നിങ്ങളുടെ വീൽചെയർ തിരികെ എടുക്കുക. ഞാൻ നിങ്ങളുടെ ഒരു ആജീവനാന്ത വിശ്വസ്തനാണ്. ആകാശത്തിലെ ഏറ്റവും നല്ല ക്യാബിൻ ക്രൂവിനെ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഈ പോസ്റ്റ് എഴുതുന്നത് വേദനാജനകമാണ്. എന്റെ ഭാര്യയും ഞാനും വീൽചെയറും പ്രാണം സേവനവും ബുക്ക് ചെയ്തിരുന്നു. പരിക്കേറ്റ അവളുടെ കാലിലെ ഒടിവ് ഇപ്പോഴും ഭേദമായിട്ടില്ല.
മുംബൈയിൽ നിന്നും ഡൽഹിയിലേക്കായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്. നവീകരിച്ച വിമാനമാണെന്നു പറഞ്ഞിരുന്നു. പക്ഷേ, അവസ്ഥ വളരെ മോശമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വീൽചെയർ ഇല്ലെന്നുള്ള അറിയിപ്പ് കിട്ടുന്പോൾ വിമാനം ഇതിനകം രണ്ട് മണിക്കൂർ വൈകിയിരുന്നുവെന്നും ഹാസ്യനടൻ പരാമർശിച്ചു.
“ഞാൻ നാല് ബാഗുകൾ ചുമക്കുമ്പോൾ എന്റെ ഭാര്യയെ സഹായിക്കാൻ വിമാനത്തിന്റെ മുൻവശത്തുള്ള എയർ ഹോസ്റ്റസുമാരോട് ഞാൻ ആവശ്യപ്പെട്ടു. നിശബ്ദതയും പരസ്പരം ഒരു അവ്യക്തമായ നോട്ടവുമാണ് അവർ നടത്തിയത്. ഞങ്ങൾ വിമാനത്തിൽ നിന്ന് ഗോവണിയിലൂടെ ഇറങ്ങി. എയർ ഇന്ത്യയിലെ ഒരു പുരുഷ ഗ്രൗണ്ട് സ്റ്റാഫ് അംഗത്തോട് ഞങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, അവരും അവഗണിച്ചു. എയർ ഇന്ത്യ സ്റ്റാഫ് അംഗത്തോട് എന്താണ് സംഭവിച്ചതെന്ന് ചേദിച്ചപ്പോൾ. അദ്ദേഹം “സർ ക്യാ കരീൻ… ക്ഷമിക്കണം” എന്ന് പറഞ്ഞു. എയർ ഇന്ത്യ ഈ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.