വട്ടപ്പൊട്ടിന്റെ ചേല്..!
വിനീത ശേഖർ
Saturday, April 12, 2025 12:48 PM IST
എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഒരു ഹരംതന്നെയായിരുന്നു വലിയ വട്ടപ്പൊട്ടുകൾ. അതണിഞ്ഞിരുന്ന സ്ത്രീകൾക്ക് ഒരു പ്രത്യേക ചേല് തന്നെയായിരുന്നു. ചൂടത്തു വിയർക്കുമ്പോൽ ഈ പൊട്ട് നെറ്റിക്കുനിന്ന് ഒലിച്ചിറങ്ങും. വാലിട്ട് കണ്ണെഴുതി, കുപ്പിവളയുമിട്ട് ചാന്തു പൊട്ടുകൊണ്ട് വട്ടത്തിലൊരു പൊട്ടിടും. അല്ലങ്കിൽ ഗോപി പൊട്ട്. ചുവന്ന റിബ്ബൺ കൊണ്ട് മുടി രണ്ടായി മെടഞ്ഞു കെട്ടി അമ്മയുടെ വക സുന്ദരിയായി എന്നൊരു അഭിനന്ദനം കൂടി കിട്ടിയാൽ പിന്നൊന്നും വേണ്ട.
പിന്നീടാണ് ശിങ്കാർ പൊട്ടുകൾ നിലവിൽവന്നത്. ഈ പൊട്ട് അങ്ങനെയിങ്ങനെ പോകില്ല. ഇത് തൊടാനും സൗകര്യമുണ്ട്. വലിയ പൊട്ട് തൊടുന്നവർക്ക് അടപ്പുതുറന്ന് ആ അടപ്പുകൊണ്ട് നെറ്റിക്കൊരു റൗണ്ട് ഇട്ടാൽ മതി. എന്നിട്ടത് ഫിൽ ചെയ്യാം. അല്പം ചെറിയ പൊട്ട് വേണ്ടവർ പേനയുടെ അടപ്പിൽ ഈപൊട്ട് ലേശംതൊട്ട് നെറ്റിയിൽ ഒരു വൃത്തം വരച്ചശേഷം അതിന്റെയുള്ളിൽ പൊട്ട് നിറയ്ക്കും.
അന്നൊക്കെ ഉത്സവത്തിന് വിവിധതരം പൊട്ടുകുത്തുന്ന അച്ചുകൾ വാങ്ങാൻ കിട്ടുമായിരുന്നു. സ്റ്റാർ, പൂവ്, ഗോപി... കൺമഷിയിൽ ഈ അച്ച് കുത്തി പൊട്ട് തൊടുന്ന ഒരു രീതി അന്നുണ്ടായിരുന്നു. പിന്നീട് ഒരു വൃത്തത്തിൽ വിവിധനിറമുള്ള പൊട്ടുകൾ ചെറിയ കുപ്പികളിൽ അടുക്കിവച്ച് ഐടക്സ് പൊട്ടിറക്കി. പല തരത്തിലുള്ള ഫ്രോക്കിന്റെ കൂടെയൊക്കെ ഈ പൊട്ടുകൾ തൊടുന്നത് അന്നൊക്കെ ഒരു ഗമതന്നെയായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സ്റ്റിക്കർ പൊട്ടുകളും മറ്റും നിലവിൽ വന്നത്.
കുട്ടിക്കൂറ, പോൺട്സ്, എക്സോട്ടിക്ക ഇതൊക്കെയായിരുന്നു പൗഡറുകൾ. വീടിന്റെ വെളിച്ചം കിട്ടുന്ന ജനൽപടികളിൽ ഒരു കൊച്ചു കണ്ണാടി കൊളുത്തി വച്ചേക്കും. ഇതിനു മുന്നിൽനിന്നാണു മേക്കപ്പ്. പൗഡർ ഇടുന്ന പഫ് വാങ്ങാൻ കിട്ടുമായിരുന്നു അന്നൊക്കെ. കൊച്ചുകുട്ടികളെ പൗഡർ ഇടീക്കുന്ന പ്ലാസ്റ്റിക് ഡബ്ബപോലെ ഒന്നിൽ പൗഡർ ഇട്ടിട്ട് പഫ് വച്ചാണ് മുഖത്ത് ഇടുന്നത്.
വീട്ടിൽ ഉണ്ടാക്കുന്ന കൺമഷിമാത്രം ഉപയോഗിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു മുത്തശിക്ക്. രാവിലേ കുളത്തിൽ പോയി കുളി കഴിഞ്ഞു നീണ്ട മുടി വിതർത്തിയിട്ട് ചിറ്റ ഒരുങ്ങുന്നത് നോക്കി ഞാനെത്രയോ നിന്നിരിക്കുന്നു. ലൈഫ് ബോയ് സോപ്പിന്റെ മണമായിരുന്നു ചിറ്റയ്ക്ക്.
ചിറ്റയുടെ കൈയിൽ ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ചാന്തുപൊട്ടുണ്ടായിരുന്നു. പൊട്ട് തൊട്ടശേഷം, വാലിട്ടു കണ്ണെഴുതി അതിനു മുകളിൽ ചന്ദനവും തൊട്ട് ചിറ്റ നിൽക്കുമ്പോൾ കാണാനെന്തൊരു ചേലായിരുന്നു. ചിലരൊക്കെ കുങ്കുമമായിരുന്നു തൊടുന്നത്. ശിങ്കാറിന്റെ കുങ്കുമം വന്നിരുന്ന ഡബ്ബയ്ക്കു മുകളിൽ പ്ലാസ്റ്റിക്കിന്റെ ഒരു ചെറിയ പാടയുണ്ടായിരുന്നു. അതു മാറ്റി കുങ്കുമം എടുക്കുന്നതും ഒരു പണിയായിരുന്നു. കുങ്കുമം പടരാതെ തൊടാൻ അവരുടെതന്നെ പേസ്റ്റ് വാങ്ങാൻ കിട്ടുമായിരുന്നു.
വിരൽതുമ്പിൽ അത് കുറച്ചെടുത്തു നെറ്റിയിൽ തൊട്ടശേഷം അതിന് മുകളിൽ പടരാതെ കുങ്കുമം തൊടുന്നത് അത്ര നിസാരകാര്യമല്ല. പലപ്പോഴും ഈ കുങ്കുമത്തിന്റെ ചെറിയ പൊടികൾ മൂക്കിൽ വീണു കിടപ്പുണ്ടാവും. അതിനൊരു പ്രത്യേക ഭംഗിയായിരുന്നു. ശിങ്കാർ പൊട്ടുതൊട്ട ചേച്ചിമാരെ കണ്ണെടുക്കാതെ നോക്കിനിന്നിട്ടുണ്ട്. അവർക്ക് മഞ്ഞളിന്റെ സുഗന്ധമായിരുന്നു. ആ സുഗന്ധം വീക്കോ ടർമറിക് ക്രീമിന്റെ ആയിരുന്നുവെന്ന് ഞാനറിഞ്ഞത് നാളുകൾക്കുശേഷം.
നാല്പാമരാതി വെളിച്ചെണ്ണ, കസ്തൂരി മഞ്ഞൾ, രക്തചന്ദനം, വെന്ത വെളിച്ചെണ്ണ, വേപ്പില, ചെറുപയർ പൊടി, കടലമാവ്, തേൻ, തൈര്, പാൽപ്പാട, ഇഞ്ച, ചെമ്പരത്തി താളി ഇതൊക്കെയായിരുന്നു അന്നത്തെ സൗന്ദര്യവർധക വസ്തുക്കൾ.