സിനിമാപാട്ടു കേട്ട് സ്കാനിംഗ്..!
Friday, April 11, 2025 10:18 AM IST
ഒരിക്കൽ കഴുത്തുവേദന വന്നപ്പോഴാണ് ആദ്യമായി എംആർഐ ചെയ്യാൻ പോയത്. ചെറിയ ഗുഹപോലുള്ള യന്ത്രത്തിനകത്തേക്ക് നമ്മളെ തള്ളിക്കയറ്റും. കണ്ണ് തുറന്നാൽ ഇരുട്ടാണ്. മൂക്കിനും ഗുഹയുടെ ഭിത്തിക്കും തമ്മിൽ ഒരിഞ്ചുപോലും ഗ്യാപ്പ് ഇല്ല. മെഷീൻ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ആകട്ടെ സിമന്റ് മിക്സർ പ്രവർത്തിക്കുന്നതുപോലുള്ള ഒച്ചയും. വായുസഞ്ചാരത്തിനൊന്നും ഒട്ടും ബുദ്ധിമുട്ടില്ലെങ്കിലും നമുക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നും. അതിനകത്ത് കഴിഞ്ഞ നാല്പത് മിനിറ്റ് അതിലും ദീർഘമായി തോന്നി.
പിന്നീടൊരിക്കൽ കിഡ്നിയുടെ പരിശോധനയ്ക്കായും ഇതേ യന്ത്രത്തിനകത്ത് കയറേണ്ടി വന്നു. അന്നും കാര്യങ്ങളുടെ കിടപ്പ് ഇതുപോലൊക്കെത്തന്നെ. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വിയർത്തുപോയി. അങ്ങനെ എംആർഐ യന്ത്രം അല്പം പേടിപ്പിക്കുന്ന ഒന്നായി.
കഴിഞ്ഞ ജനുവരിയിൽ ജർമനി യാത്രയ്ക്കിടെ നടുവിന് ചെറിയൊരു ‘മിന്നൽ’ ഉണ്ടായി. ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചിട്ടും കുറച്ചു ഫിസിയോതെറാപ്പി ചെയ്തിട്ടും പ്രശ്നം പൂർണമായി മാറിയില്ല. എന്തെങ്കിലും പരിശോധന നടത്തണമെങ്കിൽ ഞാൻ യൂറോപ്യൻ സംവിധാനങ്ങളെ ആശ്രയിക്കാറില്ല (അപ്പോയ്മെന്റ് കിട്ടാൻ ഒരു മാസം എടുക്കും!). അതുകൊണ്ടുതന്നെ നാട്ടിൽ വരുമ്പോൾ പരിശോധിക്കാമെന്നു കരുതി.
എംആർഐ യന്ത്രത്തിനകത്തു കയറുന്നതിൽ എന്റെ പേടി അറിയാവുന്ന ഒരു സുഹൃത്ത് ഇരിങ്ങാലക്കുടയിൽ പുതിയതായി വന്നിട്ടുള്ള ഒരു എംആർഐ യന്ത്രത്തെപ്പറ്റി പറഞ്ഞു. കാര്യങ്ങൾ അല്പം കൂടി എളുപ്പമാണെന്ന് പറഞ്ഞതിനാൽ പരീക്ഷിക്കാമെന്നു വച്ചു. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിനോട് ചേർന്ന് അവരുടെ കാമ്പസിൽതന്നെയാണ് മാഗ്നസ് ഡയഗ്നോസ്റ്റിക്സ് കെട്ടിടം.
നട്ടെല്ലിനാണ് സ്കാനിംഗ് വേണ്ടത്. പഴയ സംവിധാനത്തെ അപേക്ഷിച്ച് പല പ്രത്യേകതകൾ പുതിയ മെഷീനിന് തോന്നി. ഒന്നാമത് നമ്മളെ കയറ്റിയിടുന്ന ‘ഗുഹ’ക്ക് നല്ല വെള്ള നിറം, ബാക്കിൽ ലൈറ്റും ഉണ്ട്. അതുകൊണ്ടുതന്നെ ഒട്ടും ഇരുട്ടില്ല, അല്പം കൂടി സ്പേസ് തോന്നിക്കും. ശ്വാസംമുട്ടൽ തോന്നുകയില്ല.
തല അല്പം ഉയർത്തിവയ്ക്കുന്ന ഒരു സംവിധാനമുണ്ടായിരുന്നതുകൊണ്ട് അരമണിക്കൂർ നിവർന്ന് കിടക്കുമ്പോഴുള്ള അസ്വസ്ഥതയും തോന്നിയില്ല. മെഷീനാകട്ടെ ഒച്ചയും കുറവ്. അതിലും നല്ലതായി തോന്നിയത് ഒരു ഹെഡ്ഫോൺവച്ച് നല്ല മലയാളം പാട്ടുകൾ വച്ചുതന്നതാണ്. സാധാരണഗതിയിൽ മെഷീനുള്ളിൽ കിടക്കുമ്പോൾ സമയം എത്രയായെന്ന് അറിയില്ല. എന്നാൽ, ഓരോ പാട്ട് കഴിയുമ്പോഴും ശരാശരി അഞ്ചു മിനിറ്റ് എന്നു കണക്കാക്കി സമയം കുറഞ്ഞു വരുന്നത് അറിയാനാകും. അതും ആശ്വാസമായി തോന്നി.
25 മിനിറ്റ്കൊണ്ട് സ്കാനിംഗ് കഴിഞ്ഞു. ഡിസ്ക് ഞെരമ്പിൽ ചെറുതായി മുട്ടുന്നുണ്ട്. അല്പം ഭാരം കുറച്ചും കുറച്ച് എക്സർസൈസ് ചെയ്തും യാത്രകൾ കുറച്ചും കാര്യങ്ങൾ പതുക്കെ ശരിയാക്കാമെന്നായിരുന്നു ഡോക്ടറുടെ ഉപദേശം. എന്നെപ്പോലെ ഈ യന്ത്രത്തെ പേടിയുള്ളവർ വേറെയും ഉണ്ടെന്നറിയാം. അതുകൊണ്ടാണ് വ്യക്തിപരമായ കാര്യമായിട്ടും വിശദമായി എഴുതിയത്!