കാര്യക്ഷമതയ്ക്ക് നമുക്കും വേണം ഒരു വകുപ്പ്..!
മുരളി തുമ്മാരുകുടി
Friday, November 29, 2024 10:34 AM IST
ജനാധിപത്യ രാജ്യങ്ങളിൽ ഇടയ്ക്കിടെ ഭരണം മാറുന്നത് സ്വാഭാവികം. ഭരിക്കുന്നവർ കൃത്യം ഇടവേളകളിൽ ഭരിക്കപ്പെടുന്നവരാൽ പരിശോധിക്കപ്പെടുന്നു. വേണ്ടിവന്നാൽ അവരെ മാറ്റി മറ്റുള്ളവരെ കൊണ്ടുവരുന്നു. ഈ പ്രക്രിയ തുടരുന്നു. ഇങ്ങനെയാണു ജനാധിപത്യം സ്വയം തിരുത്തപ്പെടുന്ന സംവിധാനമാകുന്നത്.
ഈവർഷം ലോകത്ത് തെരഞ്ഞെടുപ്പുകളുടെ വർഷമായിരുന്നു. ഇന്ത്യയിലും അമേരിക്കയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും ശ്രീലങ്കയിലും റഷ്യയിലും ഇന്തോനേഷ്യയിലും പാക്കിസ്ഥാനിലുമൊക്കെ തെരഞ്ഞെടുപ്പുകൾ ഉണ്ടായി. പലയിടത്തും ഭരണം തുടർന്നു.
ചിലയിടങ്ങളിൽ ഭരണം മാറി. ഇതൊക്കെ സ്വാഭാവികമാണ്. പക്ഷേ, മറ്റു രാജ്യങ്ങളെപ്പോലെ അല്ല അമേരിക്ക. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ട്രംപ് മറ്റു നേതാക്കളെപ്പോലെയുമല്ല. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കപ്പുറം അവിടത്തെ തെരഞ്ഞെടുപ്പിന് പ്രസക്തി ഉണ്ട്.
ഇന്നും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക, ശാസ്ത്രീയശക്തിയാണ് അമേരിക്ക. അമേരിക്ക ലോകകാര്യങ്ങളിൽ ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനും ആഗോള പ്രസക്തിയുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനമാണെങ്കിലും വാക്സിൻ ഗവേഷണമാണെങ്കിലും അമേരിക്കയുടെ സാമ്പത്തിക ശാസ്ത്രീയ ശക്തി അതിന് പിന്നിൽ അണിനിരക്കുമ്പോൾ ലഭിക്കുന്ന ഊർജം അവരില്ലാതെ ലഭിക്കില്ല.
പറയുന്നതു പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നതു പറയുകയും ചെയ്യുന്ന രാഷ്്ട്രീയക്കാരനാണ് ട്രംപ്. അമേരിക്കൻ പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയാണ് അദ്ദേഹം തിരിച്ചുവരുന്നത്. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഉൾപ്പെടെ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം മുന്നോട്ടു വച്ചിട്ടുള്ള കാര്യങ്ങൾ എങ്ങനെയാണു നടപ്പാക്കാൻ പോകുന്നതെന്നത് ലോകം ഉറ്റുനോക്കുകയാണ്.
സർക്കാരിന്റെ വലിപ്പം കുറയ്ക്കാനും ദുർവ്യയങ്ങൾ ഒഴിവാക്കാനും ഉദ്ദേശിച്ച് അദ്ദേഹം തുടങ്ങുന്ന ‘ഡിപ്പാർട്ടുമെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ എന്ന പുതിയ വകുപ്പ് ഇതിനകംതന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എലോൺ മസ്കും മലയാളി വേരുകളുള്ള വിവേക് രാമസ്വാമിയുമാണ് ഈ വകുപ്പിന് നേതൃത്വം നല്കാൻ പോകുന്നത്.
അവരുടെ മുൻകാല ട്രാക്ക് റിക്കാർഡ് വച്ച് നോക്കിയാൽ സർക്കാരിലെ അനവധി ഭാഗങ്ങൾ അവർ തച്ചുടയ്ക്കുമെന്നതിൽ സംശയമില്ല. 1980 കളിൽ മാർഗരറ്റ് താച്ചറും പിന്നീട് വന്ന ജോൺ മേജറും ഇംഗ്ലണ്ടിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കുശേഷം ഇത്രയും വ്യാപകമായ മാറ്റങ്ങൾ ഒരു സർക്കാരിൽ വരാൻ പോകുന്നത് ഇതാദ്യമായിട്ടായിരിക്കും.
വാസ്തവത്തിൽ എല്ലായിടത്തും വേണ്ട ഒരു വകുപ്പാണിത്. നമ്മുടെ പഞ്ചായത്ത് മുതൽ എവിടെയും കാര്യക്ഷമത അളക്കാനും നിരീക്ഷിക്കാനും വർധിപ്പിക്കാനും ഒരു സംവിധാനം വേണം. സർക്കാരിന്റെ വലിപ്പം ക്രമാനുഗതമായി വളർത്തുകയല്ല കുറയ്ക്കുകയാണ് നല്ല ഗവേർണൻസിന്റെ രീതി.