ഗാന്ധി മുതല്‍ കോഹ്ലിവരെ;"ചിത്രതല' തീര്‍ക്കുന്ന വിസ്മയ ഹെയര്‍സ്റ്റൈലിസ്റ്റ്
Wednesday, October 16, 2024 12:51 PM IST
നമ്മുടെ നാട്ടില്‍ നിരവധി കലാകാരന്മാരുണ്ട്. എന്നാല്‍ ചിലര്‍ വ്യത്യസ്തരാകുന്നത് അവരുടെ തൊഴിലിടങ്ങളില്‍ ഈ കലാപരമായ കഴിവുകള്‍ പകര്‍ത്തുമ്പോഴാണ്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഇത്തരം സൃഷ്ടികള്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു ഹെയര്‍സ്റ്റൈലിസ്റ്റ് ഇത്തരത്തില്‍ ശ്രദ്ധ നേടുന്നു. ബൊക്കാറോയിലെ സെക്ടര്‍ 4-ല്‍ താമസിക്കുന്ന മഹേന്ദ്ര പ്രമാണിക്ക് ആണ് ഈ മനുഷ്യന്. അദ്ദേഹം അതുല്യമായ കഴിവുകളുള്ള വ്യക്തിയാണദ്ദേഹം.
ഇദ്ദേഹം തന്റെ മുന്നിലെത്തുന്ന ആളുകളുടെ തലയില്‍ മഹാത്മാഗാന്ധിയുടെയും വിരാട് കോഹ്ലിയുടെയും ഭഗത് സിംഗിന്റെയും ഒക്കെ ചിത്രം വരയ്ക്കുന്നു. തലമുടി ഇത്തരത്തില്‍ കൃത്യമായി വെട്ടി പ്രിയ നായകരുടെ മുഖം തെളിയിക്കാന്‍ ഇദ്ദേഹത്തിന് കളിയുന്നതിനാല്‍ ഒട്ടനവധിപേര്‍ ഇദ്ദേഹത്തിന്റെ കടയിലേക്ക് എത്തുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലത്ത്; ഒരുപാടുപേര് അദ്ദേഹത്തെ കാണാന്‍ എത്തുന്നു.
12 വര്‍ഷമായി ഹെയര്‍സ്റ്റൈലിസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് മഹേന്ദ്ര. റാസ മുറാദ്, ശത്രുഘ്നന്‍ സിന്‍ഹ, ശ്രദ്ധ കപൂര്‍ എന്നിവരുള്‍പ്പെടെ പ്രശസ്തരായ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം അസിസ്റ്റന്റ് സ്റ്റൈലിസ്റ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാത്രമല്ല ചണ്ഡീഗഡിലെ പ്രാചീന് കലാ കേന്ദ്രത്തില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടി. പിന്നീട് ഡല്‍ഹിയിലെ പ്രശസ്തമായ ജാവേദ് ഹബീബ് ആന്‍ഡ് ബ്യൂട്ടി അക്കാദമിയില്‍ നിന്ന് ഹെയര്‍ ആന്‍ഡ് മേക്കപ്പില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി.
ഒരു സാധാരണ കുടുംബത്തില്‍ നിന്നും ഇത്തരത്തില്‍ ഉയര്‍ന്ന ഒരാളാണ് അദ്ദേഹം. അച്ഛന് രാംകിഷന് മുടിവെട്ടാന്‍ ഗ്രാമത്തില്‍ ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു, അമ്മ പ്രേമദേവി ഒരു വീട്ടമ്മയായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിമിത്തം വലിയ നഗരങ്ങളില്‍ വിദ്യാഭ്യാസം നേടുന്നതിന് അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു.
എന്നാല്‍ ഗ്രാമ സമൂഹം, ബിസിസിഎല്‍ മാനേജര്‍ ജെ.കെ. സിംഗ്, എംപി ദുല്ലു മഹാതോ എന്നിവരുടെ പിന്തുണയോടെ മഹേന്ദ്രയ്ക്ക് ഡല്‍ഹിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
നിലവില്‍, അദ്ദേഹം ബൊക്കാറോയില്‍ പ്രശസ്തമായ ഒരു കട നടത്തുന്നു. എന്നാല്‍ ജാര്‍ഖണ്ഡിലെ കഴിവുള്ള യുവാക്കള്‍ക്ക് മുടിയിലും മേക്കപ്പിലും പരിശീലനം നല്കി അവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കാന് കഴിയുന്ന ഒരു അക്കാദമി സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു...