ഹൃദയം വലത്ത്, കരൾ ഇടത്ത്! ഇവർ ഡോക്ടർമാർക്ക് വിസ്മയം
Tuesday, October 8, 2024 12:53 PM IST
വ്യത്യസ്തമായ ശരീരഘടനയുള്ള കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്ക ഡോക്ടർമാർക്കു വിസ്മയമാണ്. സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണെങ്കിൽ സവിത സുനില ചൗഗലെ എന്ന അന്പതുകാരിയുടെ ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തുമാണ്.
എന്നാൽ, ആരോഗ്യപ്രശ്നങ്ങളൊന്നും ഇവർക്കില്ല. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണു സവിത.
സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും വലത് ശ്വാസകോശം ഇടതുവശത്തുമാണുള്ളത്. ഇതിനെ മെഡിക്കൽ ഭാഷയിൽ സിറ്റസ് ഇൻവേഴ്സസ് എന്നാണു വിളിക്കുന്നത്.
കാർഡിയോളജിസ്റ്റിന്റെ അടുത്തു പരിശോധനയ്ക്കു പോയപ്പോൾ ഇസിജിയും എക്സ് റേയും എടുത്തിരുന്നു. ഇതിലാണ് അമ്പരപ്പിക്കുന്ന വസ്തുത വെളിപ്പെട്ടത്. ജീനുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ഇതൊരു അപൂർവ സംഭവമാണെങ്കിലും രോഗമല്ലെന്നു വിദഗ്ധർ പറയുന്നു.