കോടിയേരിയുടെ ‘കരങ്ങളും കാൽപ്പാദങ്ങളും’ ഇനി വീട്ടിലെ മൂസിയത്തിൽ
Tuesday, October 1, 2024 12:23 PM IST
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കരങ്ങളും കാൽപ്പാദങ്ങളും ഇനി വീട്ടിലെ മ്യൂസിയത്തിൽ. അളവുകളിലോ രൂപങ്ങളിലോ മാറ്റമില്ലാതെ ശില്പി ഉണ്ണി കാനായിയാണ് ഇവ നിർമിച്ച് കൈമാറിയത്.
കൈയുടെയും കാലിന്റെയും അളവിലും രൂപത്തിലും ഒരു ശതമാനം പോലും മാറ്റം വരാത്ത വിധം മോൾഡ് എടുത്ത് വെങ്കലത്തിലാക്കി രണ്ടാം ചരമ വാർഷിക ദിനത്തിൽ നൽകണമെന്ന കോടിയേരിയുടെ കുടുംബത്തിന്റെ ആഗ്രഹം ശില്പി ഉണ്ണി കാനായിയെ അറിയിച്ചത് കോടിയേരിയുടെ സന്തത സഹചാരി റിജുവാണ്.
കോടിയേരിയുടെ കൈകളും കാലുകളും എന്നും കാണാനും തൊടാനും അത പോലെ നിർമിച്ച് തരണമെന്നും അത് മാത്രമേ ഇനി ഇവിടെ ബാക്കിയുണ്ടാകു എന്നുമുള്ള സഖാവിന്റെ കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റിയതിനെപ്പറ്റി ശില്പി പറയുന്നതിങ്ങനെ. "കുടുംബത്തിന്റെ ആഗ്രഹപ്രകാരം സഖാവിന്റെ കൈയും കാൽപ്പാദവും മോൾഡ് എടുക്കാൻ തീരുമാനിച്ചു. മൃതദേഹം വീട്ടിൽ എത്തിയ ദിവസം പുലർച്ചെ മൂന്നിന് പ്ലാസ്റ്റർ ഓഫ് പാരീസിൽ പി. വിനോദിന്റേയും കെ.വി. രാജേഷിന്റെയും കെ. വിനേഷിന്റെയും സഹായത്തോടെ മോൾഡ് എടുത്തു. ഒരണുവിട പോലും മാറ്റം വരുത്താതെ അതിനെ മെഴുകിൽ രൂപപെടുത്തിയെടുത്തു.
പിന്നീടാണ് അതിനെ വെങ്കലത്തിലേക്ക് മാറ്റിയത്. എന്റെ ശില്പകലാ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ആദ്യ ചരമ വാർഷികദിനത്തിൽ പയ്യാമ്പലത്ത് കോടിയേരി സ്മാരകം രൂപ കല്പന ചെയ്യുന്ന തിരക്കായതിനാൽ കോടിയേരിയുടെ കൈയും കാലും മെറ്റൽ കാസ്റ്റ് ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ല. രണ്ടാം ചരമവാർഷിക ദിനത്തിൽ അത് സാധിച്ചു.'
വിനോദിനി ബാലകൃഷ്ണനും ബിനീഷ് കോടിയേരിയും മെറ്റൽ കാസ്റ്റിംഗ് ശില്പം ഏറ്റുവാങ്ങാൻ കഴിഞ്ഞദിവസം വൈകുന്നേരം കാനായിൽ എത്തി. വികാരഭരിതമായ ചടങ്ങിൽ സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷിൽനിന്ന് മെറ്റൽ കാസ്റ്റിംഗ് ശില്പം വിനോദിനി ബാലകൃഷ്ണൻ ഏറ്റുവാങ്ങി.