ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാല്‍ക്കട്ടി; "ചൈനാ മമ്മി'യുടെ കഴുത്തില്‍
Monday, September 30, 2024 2:08 PM IST
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചീസ് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗിലെ സിയോഹെ സെമിത്തേരിയിലെ ഒരു ശവക്കുഴിയില്‍ നിന്ന് കണ്ടെത്തി. 3,600 വര്‍ഷം പഴക്കമുള്ള ശവപ്പെട്ടിയില്‍ മമ്മിയുടെ കഴുത്തില്‍ വെച്ച നിലയിലാണ് ചീസ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ചീസ് ഇതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
2003 ലാണ് സിന്‍ജിയാംഗില്‍ ഗവേഷകര്‍ മൂന്ന് പുരാതന മമ്മികള്‍ കണ്ടെത്തിയത്. എന്നാല്‍ ഒരു യുവതിയുടെ മമ്മിയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്നത് ഒരു ആഭരണമാണെന്നാണ് അന്ന് ഖനനക്കാര്‍ കരുതിയത്. എന്നാലിത് ആഭരണമല്ലെന്ന് അടുത്തിടെ സ്ഥിരീകരിച്ചു.

ഇത് പുരാതന കെഫീര്‍ ചീസ് ആണത്രെ. കെഫീര്‍ ധാന്യങ്ങള്‍ ഉപയോഗിച്ച് പാല് പുളിപ്പിച്ച് നിര്‍മിക്കുന്ന ഒന്നാണ് കെഫീര്‍ ചീസ്. ഇവ ഇന്നും ആളുകള്‍ കഴിക്കുന്ന ഒന്നാണ്.
ബെയ്ജിനിലെ ഒരു പുരാതന ഡിഎന്‍എ ലബോറട്ടറിയുടെ ഡയറക്ടറായ ചൈനീസ് പാലിയോജെനെറ്റിസിസ്റ്റ് ക്വിയോമി ഫുവിന്റെ നേതൃത്വത്തിലുള്ള സംഘം ചീസിന്റെ സാമ്പിളുകളില്‍ ആട്, കന്നുകാലി എന്നിവയുടെ ഡിഎന്‍എ കണ്ടെത്തി.

ചീസ് ഉണങ്ങുകയും കാലക്രമേണ വളരെ കഠിനമാവുകയും ചെയ്തുവെന്ന് ക്യോമേ പറഞ്ഞു. സാമ്പിളുകളില്‍ ആധുനിക കെഫീര്‍ ധാന്യങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന വിവിധ ബാക്ടീരിയ, ഫംഗസ് സ്പീഷീസുകള്‍ അടങ്ങിയിട്ടുണ്ടത്രെ.
ശവക്കുഴിക്ക് സമീപം കെഫീര്‍ ചീസ് ഉണ്ടാക്കുന്നതിന്റെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ മുമ്പ് കണ്ടെത്തിയിരുന്നുവെങ്കിലും പുരാതന ചീസുകളുടെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്തിരുന്നില്ല. അക്കാലത്തെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ഉള്ക്കാഴ്ചയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഒന്നാണിത്.

താരിം ബേസിനിലെ മരുഭൂമിയിലെ വരണ്ട കാലാവസ്ഥ ഈ പാല്‍ക്കട്ടിയും യുവതിയുടെ ശരീരവും ബൂട്ടുകളും തൊപ്പിയും സംരക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. സിയോഹെ ജനതയുടെ ശവസംസ്കാര ചടങ്ങുകളില്‍ ചീസിന് ഒരു പ്രത്യേക പങ്കുണ്ടായിരുന്നെന്ന് ഈ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടുന്നു.
വെങ്കലയുഗത്തിലെ ആളുകള്‍ പാലുല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപയോഗിച്ചുവെന്നും ഏഷ്യയില്‍ മൈക്രോബയല്‍ ഭക്ഷണങ്ങള്‍ എങ്ങനെ വ്യാപിച്ചുവെന്നും ഈ കണ്ടെത്തലുകള്‍ കാണിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കെഫീര്‍ ഉത്ഭവിച്ചത് കോക്കസസ് പര്‍വതനിരകളില്‍ നിന്ന് മാത്രമാണെന്ന പരക്കെയുള്ള വിശ്വാസത്തെയും ഈ കണ്ടെത്തല്‍ ചോദ്യം ചെയ്യുന്നു...