"നാട് പുഷ്പിക്കണം'; സൗദിയിലെ റോസാപ്പൂ കൃഷി...
Tuesday, September 24, 2024 12:44 PM IST
സൗദിയിൽ റോസാപ്പൂ കൃഷി വിപുലപ്പെടുത്താൻ തീരുമാനം. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള നീക്കം.
ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്നവിലയും ഗുണനിലവാരമില്ലായ്മയും മറികടക്കുക എന്നതും ലക്ഷ്യമാണെന്ന് അധികൃതർ അറിയിച്ചു. കൃഷി വ്യാപകമാകുന്നതോടെ സൗദിയിൽനിന്നു റോസാപ്പൂക്കൾ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങൾ നൽകുമെന്നു സൗദി കൃഷി മന്ത്രാലയം വെളിപ്പെടുത്തി. കൃഷി ചെയ്യുന്നവർക്കു ടിഷ്യു തൈകൾ ലഭ്യമാക്കും. ഇതുവഴി വലിയ വിളവ് ഉണ്ടാകുന്നതിനൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കാനും കഴിയും.
റോസ് കൃഷിയിൽ താൽപര്യം പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ കൃഷിഭൂമി നൽകാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 70 ശതമാനം കാർഷിക വികസന ഫണ്ടിൽനിന്നു വായ്പയായി അനുവദിക്കും.