കൊടുംവരൾച്ച; സിംബാബ്വെയിൽ ഭക്ഷണത്തിനായി ആനകളെ കൊല്ലും
Thursday, September 19, 2024 1:48 PM IST
ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാബ്വെ സർക്കാർ അനുമതി നൽകി. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കടുത്തപട്ടിണി നേരിടുന്നതിനാൽ 200 ആനകളെ കൊല്ലാൻ ലക്ഷ്യമിടുന്നതായി സിംബാബ്വെ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് അഥോറിറ്റിയുടെ വക്താവ് ടിനാഷെ ഫരാവോ മാധ്യമങ്ങളോടു പറഞ്ഞു.
നീണ്ട വരൾച്ച മൂലമുണ്ടായ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ആനകളെയും മറ്റു വന്യജീവികളെയും കൊല്ലാനുള്ള നമീബിയയുടെ സമീപകാല നീക്കത്തെത്തുടർന്നാണു തീരുമാനം.
പരിസ്ഥിതിപ്രവർത്തകരിൽനിന്നു രൂക്ഷവിമർശനങ്ങൾ ഉയരുന്പോഴും തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇരുരാജ്യങ്ങളും. ബോട്സ്വാന കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്വെ. 84,000ത്തിലധികം ആനകൾ രാജ്യത്തുണ്ട്.