ഐന്‍സ്റ്റീന്റെ "അറ്റോമിക് വെപ്പണ്‍ വാണിംഗ് ലെറ്റര്‍'; ലേലവില ...
Friday, September 13, 2024 2:19 PM IST
ലോകമെമ്പാടും ഇപ്പോഴും ചര്‍ച്ചയാകുന്ന പ്രസിദ്ധനാണല്ലൊ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്ന ഭൗതികശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന്റെ നിരവധിയനവധി കണ്ടുപിടിത്തങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്.
എന്നാല്‍ അദ്ദേഹത്തിന്റെ ഒരു കത്തും ലോകചരിത്രത്തെ മാറ്റിയിട്ടുണ്ട്. അറ്റോമിക് വെപ്പണ്‍ വാണിംഗ് ലെറ്റര്‍ എന്നാണത് അറിയപ്പെടുന്നത്. 1939ല്‍ ആണ് അദ്ദേഹം ഈ കത്തെഴുതുന്നത്. കത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന് റൂസ്വെല്റ്റിലെത്തി.
ആണവയുഗത്തിന് തുടക്കമിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കത്തായിരുന്നത്. കത്ത് ജര്‍മനി ആണവായുധങ്ങള്‍ നിര്മിച്ചേക്കാവുന്നതിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്നു. "യുറേനിയം പുതിയതും പ്രധാനപ്പെട്ടതുമായ ഊര്‍ജ സ്രോതസായി മാറിയേക്കാം' എന്നും കത്ത് പറയുന്നു.
പിന്നീട് ഒരു വലിയ തെറ്റ് എന്ന് അദ്ദേഹം വിലപിച്ച ഈ കത്തിനാലാണ് രണ്ടാം ലോകമഹായുദ്ധസമയത്ത് മാന്‍ഹട്ടന്‍ പദ്ധതി തുടങ്ങിയത്.
രണ്ടാം ലോകമഹായുദ്ധസമയത്ത് ആദ്യത്തെ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഏറ്റെടുത്ത ഒരു ഗവേഷണ-വികസന പരിപാടിയായിരുന്നു മാന്‍ഹട്ടന്‍ പദ്ധതി. യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നിവയുടെ സഹകരണത്തോടെ അമേരിക്കയാണ് ഇതിന് നേതൃത്വം നല്‍കിയത്.
ന്യൂയോര്‍ക്കിലെ ഫ്രാങ്ക്ലിന് ഡി. റൂസ്വെല്‍റ്റ് ലൈബ്രറിയുടെ ശേഖരത്തിന്റെ ഭാഗമായ യഥാര്‍ഥ കത്തിന് ചരിത്രം രൂപപ്പെടുത്തുന്നതില്‍ വലിയ പ്രാധാന്യമുണ്ട്. ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കത്തുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ കത്ത് ക്രിസ്റ്റീസ് ലേലത്തില്‍ 3.9 മില്യണ്‍ ഡോളറിന് (ഏകദേശം 32 കോടി രൂപ) വിറ്റുപോയത്.
ക്രിസ്റ്റീസ് പറയുന്നതനുസരിച്ച്, ഈ മാസം 10-ന് വിറ്റുപോയ പ്രത്യേക പകര്‍പ്പ് സ്വകാര്യവ്യക്തികളുടെ പക്കലെ ഏക പതിപ്പായിരുന്നു. ബിസിനസ് ഇന്‍സൈഡര്‍ പറയുന്നതനുസരിച്ച്, അന്തരിച്ച മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ ശേഖരത്തിന്റെ ഭാഗമായിരുന്നു ഈ കത്ത്.
2002ല്‍ 2.1 മില്യണ്‍ ഡോളറനാണ് അദ്ദേഹം ഇത് വാങ്ങിയത്. ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, അലന് മുമ്പ്, പ്രസാധകനായ മാല്‍ക്കം ഫോര്ബ്സിന്റേതായിരുന്നു ഈ കത്ത്...