ഏറ്റവും ഉയരം കൂടിയ വെങ്കല ബുദ്ധപ്രതിമയുടെ ശുചീകരണം; അസാധാരണമായ ഒരു ജോലി
Wednesday, September 11, 2024 2:56 PM IST
ശ്രീബുദ്ധനെ ആരാധിക്കുന്നവര്‍ ലോകത്തിന്റെ പലയിടങ്ങളിലുമുണ്ടല്ലൊ. പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ ചെറുതും വലുതുമായ പ്രതിമകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ബുദ്ധ പ്രതിമ അങ്ങ് ജപ്പാനിലാണ്. ടോക്കിയോയുടെ വടക്കുകിഴക്കായി ജപ്പാനിലെ ഉഷികുവിലാണ് വെങ്കല ബുദ്ധ പ്രതിമയുള്ളത്.
ജാപ്പനീസ് ക്ഷേത്രങ്ങളില്‍ ഒരു വാര്‍ഷിക ആചാരമാണ് മണം നീക്കം ചെയ്യുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഈ പ്രതിമ ഉഷികു ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കാറുണ്ട്. ഇരുപത് വര്‍ഷത്തിലേറെയായി ഈ ദൗത്യം നിര്‍വഹിക്കുന്നത് രണ്ട് സൈനികര്‍ ആണ്.
51 കാരനായ കസുമി മിനോവയും 54 കാരനായ കസുയോഷി ടാഗുച്ചിയുമാണവര്. ആദ്യമായി ഈ ജോലി ചെയ്യാനിറങ്ങുമ്പോള്‍ വല്ലാത്ത ടെന്‍ഷന്‍ ഉണ്ടായിരുന്നതായി അവര്‍ പറയുന്നു. തങ്ങളുടെ ശരീരം കാറ്റിനാല്‍ ഉരുണ്ടുകൂടുകയും പറക്കുകയും ചെയ്യുന്നതായി തോന്നിയത്രെ. എന്നാല്‍ കാലക്രമേണ ഇതൊരു നിയോഗമെന്നാണ് അവര്‍ക്ക് അനുഭവപ്പെട്ടു.
വൃത്തിയാക്കാനായി പ്രതിമയുടെ തലയില്‍ നിന്ന് ആരംഭിച്ച് വലത് ചെവിയിലേക്ക് ഇറങ്ങി ചെല്ലണം. പൊടിയും പക്ഷി കാഷ്ഠവും നീക്കം ചെയ്യാന്‍ ഇരുവരും ഉയര്‍ന്ന മര്‍ദത്തിലുള്ള വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നു.
ഈ വൃത്തിയാക്കല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പുതിയൊരു ആരംഭമാണ് ഓരോ തവണയും വൃത്തിയാക്കി കഴിയുമ്പോള്‍ അവര്‍ക്ക് തോന്നുകയത്രെ. "വളരെ അസാധാരണമായ ഒരു ജോലി; നിങ്ങള്‍ ചില നേരം പക്ഷികളാകുന്നു' എന്നാണൊരാള്‍ കുറിച്ചത്.