ഷാജഹാന് അത്ര പാവം കള്ളനല്ല!
Saturday, September 7, 2024 12:45 PM IST
ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണമുതല്‍ വിറ്റ് അടിച്ചുപൊളി ജീവിതം. കഴിഞ്ഞദിവസം ചങ്ങനാശേരി പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തന്‍വീട്ടില്‍ ഷാജഹാ(55)ന്റെ സ്റ്റൈലാണ്.
ഹോട്ടലില്‍ കയറിയാല്‍ മട്ടണ്‍കറി നിര്‍ബന്ധം. മട്ടന്‍ കിട്ടിയില്ലങ്കില്‍ ഹോട്ടലില്‍ ബഹളം ഉണ്ടാക്കും. പാത്രങ്ങള്‍ തല്ലിപ്പൊട്ടിക്കും. വീടുകളുടെ പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തുകടക്കുന്നത്. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ആളുകള്‍ അലമാരയില്‍നിന്നും താക്കോല്‍ ഊരിമാറ്റാറില്ലെന്നും ഷാജഹാന് കൃത്യമായി അറിയാം.
ചങ്ങനാശേരി പാറേല്‍പ്പള്ളി ഭാഗത്ത് വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട്, സ്വര്‍ണകൊന്ത, വളകള്‍ തുടങ്ങി ഏഴു ലക്ഷത്തോളം രൂപയുടെ മോഷണം നടത്തി മുങ്ങിക്കഴിയുകയായിരുന്നു ഷാജഹാന്.
കഴിഞ്ഞദിവസം ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറിയ ഇയാള്‍ മട്ടണ്‍ കറിയും പൊറോട്ടയും ചോദിച്ചു. മട്ടണ്‍കറി തീര്‍ന്നതായി കടയിലെ ജീവനക്കാര്‍ പറഞ്ഞതോടെ ഇയാള്‍ കുപിതനായി. പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
ദൃക്സാക്ഷികളായ ചിലര്‍ക്ക് സംശയം തോന്നിയതോടെ ചങ്ങനാശേരി പോലീസില്‍ അറിയിച്ചു. പോലീസ് എത്തി ഷാജഹാനെ പിടികൂടി പോലീസില്‍ എത്തിച്ച് ചോദ്യം ചെയ്തതോടെ മോഷണം തെളിയുകയുമായിരുന്നു.
മോഷണത്തിനെത്തുന്ന വീടുകളില്‍ നിന്നാണ് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഇയാള്‍ മോഷ്ടിക്കുന്നത്. പോലീസ് പിടിയില്‍ വീഴാതിരിക്കാന്‍ മുടി പറ്റേ വെട്ടിയും ക്ലീന്‍ ഷേവ് ചെയ്തും രൂപഭേദം വരുത്തുന്നതും ഇയാളുടെ ശൈലിയാമെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കോസുകള്‍ ഇയാളുടെ പേരിലുണ്ട്.