ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന പൂച്ചകള്‍; ഒരു ജാപ്പനീസ് "ടെക്'നോളജി
Saturday, September 7, 2024 12:07 PM IST
വളര്‍ത്തുമൃഗങ്ങള്‍ നമ്മളില്‍ ആനന്ദവും ഉന്മേഷവും നല്കുമെന്നതില് ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. പലരും നായകള്‍ക്കും പൂച്ചകള്‍ക്കും ഒപ്പമാണ് തങ്ങളുടെ ഇടനേരങ്ങള് ചിലവഴിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ഹിറ്റാകാറുമുണ്ട്.
ജപ്പാനിലുള്ള ഒരു ടെക് സ്ഥാപനം തങ്ങളുടെ ജോലിക്കാരുടെ പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ കണ്ടെത്തിയ ഒരു ഐഡിയ ഈ വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ടോക്കിയോ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ "നോട്ട്' 10 പൂച്ചകളെ തങ്ങളുടെ ഓഫീസില്‍ വളര്‍ത്തുകയുണ്ടായി.
32 ജീവനക്കാരുമായി അവരുടെ ഷിഫ്റ്റുകളില്‍ കളിക്കുക എന്നതാണ് ഈ പൂച്ചകളുടെ ജോലി. ഈ പൂച്ച കൂട്ടുകാര്‍ ഓഫീസ് ജീവനക്കാരില്‍ ആനന്ദം ഉണ്ടാക്കുമെന്നാണ് കമ്പനി കരുതുന്നത്. തെളിഞ്ഞ മനസോടെയുള്ള അവരുടെ പ്രവര്‍ത്തനം കമ്പനിക്ക് ഗുണകരമാകുമല്ലൊ.
ഇവിടുത്തെ താമസക്കാരായ പൂച്ചകള്‍ക്കും സീനിയോറിറ്റിയും സ്ഥാനമാനങ്ങളുമുണ്ട്. ടീമിലെ ഏറ്റവും പ്രായം കൂടിയ, 20-കാരിയായ ഫതുബ ആണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള പൂച്ച. "ചെയര്‍ ക്യാറ്റ്' എന്നാണ് അത് അറിയപ്പെടുന്നത്. അതുപോലെ പൂച്ചകള്‍ക്കിടയില്‍ ഒരു "മുഖ്യ ഗുമസ്തനും' ഒരു "മാനേജറും' ഉണ്ട്.
പൂച്ചകള്‍ക്ക് കൂടുതല്‍ സൗകര്യവും സ്വതന്ത്രമായി വിഹരിക്കാന്‍ വലിയ ഇടം നല്‍കുന്നതിനായി ടെക് കമ്പനി 2020-ല്‍ ഓഫീസ് നാല് നിലകളുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പുതിയ ഓഫീസിലേക്ക് മാറിയപ്പോള്‍ പൂച്ചകള്‍ താമസിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും നിലകള്‍ നോട്ട് നവീകരിച്ചു. അവര്‍ക്ക് 12 ഇഷ്ടാനുസൃത ടോയ്ലറ്റുകളും പൂച്ച ഷെല്ഫുകളും ഉണ്ട്. പോറലുകള്‍ ഏല്‍ക്കാത്ത തരത്തില്‍ ഭിത്തികളും പുനര്‍രൂപകല്‍പ്പന ചെയ്തു.
സംഗതി എന്തായാലും ഹിറ്റായി. അവരുടെ ഐഡിയ പുതിയ പ്രതിഭകളെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക ഘടകമായി. പല മിടുക്കന്മാരും ഈ കമ്പനിയില്‍ ജോലിക്ക് കയറാനുള്ള ശ്രമത്തിലാണിപ്പോള്‍...