ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
സീമ മോഹന്‍ലാല്‍
Friday, September 6, 2024 11:51 AM IST
മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവിന്റെ ഓണത്തപ്പന്മാര് ഒരുങ്ങിക്കഴിഞ്ഞു. ചിങ്ങം പിറന്നാല്‍ തൃപ്പൂണിത്തുറ എരൂര്‍ കോഴിവെട്ടുംവെളി അറക്കപ്പറമ്പില്‍ വീട്ടില്‍ സരസുവിന് തിരക്കാണ്.
കളിമണ്ണ് കുഴച്ച് 74കാരിയായ സരസു തനിയെ ഉണ്ടാക്കുന്ന ചെറുതും വലുതുമായ ഓണത്തപ്പന്മാര് വെയിലത്ത് ഉണക്കാന്‍ വച്ചിരിക്കുന്നത് ഇവിടെ എത്തുന്നവരുടെ മനം നിറയ്ക്കുന്ന കാഴ്ചയാണ്. എറണാകുളത്തുകാര്‍ക്ക് ഓണത്തപ്പനില്ലാത്ത പൂക്കളവും ഓണാഘോഷവുമില്ല. ഓണത്തപ്പനെ നിര്‍മിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന തൊഴിലാളിയാണ് ഈ രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട സരസു.
അമ്മ ഉണ്ടാക്കിയ ഓണത്തപ്പന്മാര്
മണ്‍പാത്രനിര്‍മാണം കുലത്തൊഴിലാക്കിയ കുടുംബമാണ് സരസുവിന്റേത്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആലുവയിലെ വീട്ടില്‍ അമ്മ പാപ്പി ഓണത്തപ്പനെ മെനഞ്ഞുണക്കി വില്പന നടത്തിയിരുന്നത് കണ്ടാണ് സരസു വളര്‍ന്നത്.
അന്നൊക്കെ ഓണക്കാലത്ത് ഓണത്തപ്പന്മാരെ ഉണ്ടാക്കാനായി അമ്മയ്ക്കൊപ്പം കൂടുമായിരുന്നു. തൃപ്പൂണിത്തുറ എരൂര്‍ അറക്കപ്പറമ്പില്‍ രാജന്റെ ജീവിതസഖിയായതോടെയാണ് സരസു ഇതിന്റെ നിര്‍മാണത്തില്‍ സജീവമായായത്. മണ്‍പാത്ര നിര്‍മാണത്തിനൊപ്പം ഓണക്കാലത്ത് ദമ്പതികള്‍ ഓണത്തപ്പനെ വില്പന നടത്തിയിരുന്നു.
അഞ്ച്, ഏഴ് എന്നീ കണക്കില്‍ വില്പന നടത്തിയിരുന്ന ഓണത്തപ്പന് മുന്‍പൊക്കെ ആവശ്യക്കാരും ഏറെയായിരുന്നു. ഓണത്തപ്പനെ സ്ഥിരമായി വാങ്ങുന്ന വീടുകളില്‍ കൊണ്ടുപോയായിരുന്നു വില്പന. ഇക്കാലത്ത് അഞ്ച് ഓണത്തപ്പന്മാര് അടങ്ങിയ സെറ്റിന് 300 രൂപയും ഏഴെണ്ണത്തിന്റെ സെറ്റിന് 350 രൂപയുമാണ് വില.
ഓണനാളിലെ കാത്തിരിപ്പ്
‘മുന്‍പൊക്കെ കര്‍ക്കടകത്തില്‍ തുടങ്ങും ഓണത്തപ്പന്റെ നിര്‍മാണം. പാടത്തെ ചെളിമണ്ണ് കുഴച്ച് രൂപങ്ങളുണ്ടാക്കി മൂന്നുദിവസം ഉണക്കാന്‍ വയ്ക്കും. ഇടയ്ക്ക് പാഞ്ഞുവരുന്ന കര്‍ക്കടകപ്പെയ്ത്ത് ഞങ്ങളുടെ കണ്ണ് നിറയ്ക്കും. കാരണം ഇത് ഉണക്കി വിറ്റുകിട്ടുന്ന അഞ്ചോ പത്തോ രൂപയ്ക്കു വേണം ഓണം ഘോഷിക്കാനും മക്കള്‍ക്കുള്ള ഓണക്കോടി വാങ്ങാനും.'- അമ്പതാണ്ട് പിന്നിട്ട ഓണത്തപ്പന് നിര്‍മാണത്തെക്കുറിച്ച് സരസു പറഞ്ഞു തുടങ്ങി.
സ്ഥിരമായി വാങ്ങുന്ന വീട്ടുകാര്‍ ഞങ്ങളുടെ വരവും കാത്തിരിക്കും. അവിടെയൊക്കെ പതിവായി ഓണത്തപ്പന്മാരെ കൊണ്ടുപോയി കൊടുക്കും. ഇപ്പോള്‍ തടിയില്‍ നിര്‍മിച്ച ഓണത്തപ്പന്മാര് വിപണിയിലുള്ളതിനാല്‍ കളിമണ്‍ ഓണത്തപ്പന് ആവശ്യക്കാര്‍ കുറഞ്ഞുവരികയാണെന്നും സരസു പറഞ്ഞു.
വൈകാതെ കളമൊഴിയും
ഒരിക്കല്‍ പൂക്കളത്തില്‍ ഉപയോഗിച്ച ഓണത്തപ്പനെ വീണ്ടും വയ്ക്കാന്‍ പാടില്ലെന്നാണ് ആചാരം. അതിനാല്‍ എല്ലാക്കൊല്ലവും ഇതിന് വില്പന ലഭിക്കും. കളിമണ്ണ് നാട്ടില്‍ കിട്ടാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വലിയ വിലയ്ക്കു വാങ്ങിയാണ് ഓണത്തപ്പന്മാരെ നിര്‍മിക്കുന്നത്.
പുതിയ തലമുറയ്ക്ക് ഓണത്തപ്പനെ പൂക്കളത്തില്‍ പ്രതിഷ്ഠിക്കുന്നതിലൊന്നും വലിയ വിശ്വാസമില്ല. പോരെങ്കില്‍ മണ്ണിനു ക്ഷാമവും വലിയ വിലയും. അതുകൊണ്ടുതന്നെ ഏറെ വൈകാതെ കളിമണ്‍ ഓണത്തപ്പന്മാര് പൂക്കളമൊഴിയുമെന്നു സരസു പറയുന്നു.
ഓണത്തിന് വിരുന്നെത്തുന്ന അതിഥി
ഓണപ്പൂക്കളത്തിനൊപ്പം ആചാരത്തോടെ പ്രതിഷ്ഠിക്കുന്ന പിരമിഡ് ആകൃതിയിലുള്ള മണ്ശില്പമാണ് ഓണത്തപ്പന്. തൃക്കാക്കരയപ്പന് എന്നും ഇതിനു വിളിപ്പേരുണ്ട്. കളിമണ്ണ് കൊണ്ടോ ചെളി കൊണ്ടോ ഉണ്ടാക്കിയ ഓണത്തപ്പന് നാലു മുഖവും പരന്ന മേല്‍ഭാഗവും ഉള്ള ഒരു ചെറിയ ഘടനയാണ്.
എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരയപ്പന്. ചരിത്രമനുസരിച്ച്, മഹാബലി രാജാവിനെ തൃക്കാക്കരയില്നിന്നാണ് പാതാളത്തിലേക്ക് അയച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ പാദങ്ങള്‍ എന്നര്‍ഥം വരുന്ന തിരുകാല്കര എന്ന വാക്കില്‍ നിന്നാണ് തൃക്കാക്കര എന്ന പേര് ഉത്ഭവിച്ചതെന്നാണ് വിശ്വാസം.
തൃക്കാക്കര അമ്പലത്തില്‍ ഉത്സവത്തിന് പോകാന്‍ കഴിയാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങള്‍ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പ്പിച്ചതിനെത്തുടര്ന്നാണ് ഈ ആചാരം നിലവില്‍ വന്നതെന്നാണ് മറ്റൊരു വിശ്വാസം.
ഉത്രാട നാളില്‍ ഓണത്തപ്പനെ അരിമാവ് അണിയിച്ച് ചെറിയ പീഠത്തില്‍ ഇരുത്തി പൂക്കള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്തുന്നവരുണ്ട്. ഓണത്തപ്പനൊപ്പം, ഉരല്, ചിരവ, അരകല്ല്, മുത്തി, നിലവിളക്ക് എന്നിങ്ങനെ ചെറുരൂപങ്ങളും ഉണ്ടാകും.
ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഇവ പൂക്കളത്തില്‍ ഒരുക്കുന്നത്. മഴയില്‍ കുതിര്‍ന്ന് മണ്ണില്‍ തന്നെ ഇവ അലിഞ്ഞുചേരണമെന്നാണ് വിശ്വാസം.