ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും
Friday, August 23, 2024 12:25 PM IST
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.