"അതേ എനിക്ക് വിമാനം പറത്താനെ അറിയു, ഇറക്കാന്‍ അറിയില്ല'; ആകാശത്തുവച്ച് പൈലറ്റിങ്ങനെ പറഞ്ഞാല്‍...
Thursday, August 22, 2024 12:16 PM IST
വിമാനം കൊതിപ്പിക്കാത്തവര് നന്നേ കുറവായിരിക്കുമല്ലൊ. തലയ്ക്ക് മുകളിലൂടെ യാത്രക്കാരുമായി പാഞ്ഞുപോകുന്ന ഈ വാഹനത്തെ വിസ്മയത്തോടെ ആണല്ലൊ നാം കണ്ട് നില്‍ക്കാറ്. ഇത് പറത്തുന്ന പൈലറ്റുമാര്‍ പലര്‍ക്കും ഹീറോകളുമാണ്.
ഇത്തരം പൈലറ്റുമാരില്‍ പലരും തങ്ങളുടെ മാതാപിതാക്കള്‍ക്കൊ കാമുകിമാര്ക്കൊ നല്കിയ സര്‍പ്രൈസ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലായിട്ടുണ്ടല്ലൊ. എന്നാല്‍ അടുത്തിടെ അമേരിക്കയിലെ ഒരു പൈലറ്റ് യാത്രക്കാര്‍ക്ക് നല്കിയ "സര്‍പ്രൈസ്' വല്ലാത്ത ഒന്നായിരുന്നു.
അത് കേട്ട പലരുടെയും പാതി ജീവന് ആകാശത്തുവച്ച് പോയ പോലായിരുന്നു. ഓഗസ്റ്റ് എട്ടിന് പോര്ട്ട്ലാന്ഡില് നിന്ന് ജാക്സണ് ഹോളിലേക്ക് സഞ്ചരിച്ച സ്കൈവെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.
വിമാനം ജാക്സണ് ഹോളിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പൈലറ്റ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്കി. ജാക്സണ് ഹോളില്‍ ഇറങ്ങാനുള്ള ശരിയായ യോഗ്യത തനിക്കില്ല എന്നായിരുന്നത്. തനിക്കതിനുള്ള പരിശീലനം ലഭിച്ചിട്ടില്ലത്രെ.
ആളുകള്‍ ആകെ പേടിച്ചെങ്കിലും ഇയാള്‍ വിമാനം സാള്‍ട്ട് ലേക്ക് സിറ്റിയില്‍ കൃത്യമായി ഇറക്കി. പിന്നീട് ഷെഡ്യൂളിനേക്കാള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം ലക്ഷ്യ സ്ഥാനത്തെത്തിയത്.
പൈലറ്റിന് യഥാര്‍ഥത്തില്‍ വിമാനം ഇറക്കാന്‍ യോഗ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അസൗകര്യത്തില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ സമാനമായ സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പക്കുമെന്നും സ്കൈവെസ്റ്റ് എയര്‍ലൈന്‍സ് പറഞ്ഞു.
എന്താണ് യഥാര്‍ഥ കാരണമെന്നത് ഇപ്പോഴും ചര്‍ച്ചകളിലാണ്. എന്നിരുന്നാലും ജീവന് തിരികെ കിട്ടിയല്ലൊ എന്ന ആശ്വാസത്തിലാണ് യാത്രികര്‍.