"മെഴ്സിഡസ്-ബെന്‍സ്'എന്ന ഐക്കണിക് നാമം വന്നതിങ്ങനെ...
Saturday, August 10, 2024 2:26 PM IST
കാര്‍ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പേരാണല്ലൊ "മെഴ്സിഡസ്-ബെന്‍സ്'. അവര്‍ക്ക് മാത്രമല്ല ഒട്ടുമിക്കവര്‍ക്കും അറിയാവുന്ന ഒന്നാണല്ലൊ ബെന്‍സ്. രാജകീയ പ്രൗഢ്യയോടെ നിരത്തിലിറങ്ങുന്ന ഈ വാഹനത്തില്‍ ഒന്നു കയറാന്‍ ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്.
ഇപ്പോഴിതാ ഈ കാറിന്റെ പേരിന് പിന്നിലെ കഥ നിലവിലെ സിഇഒ വെളിപ്പെടുത്തിയത് ചര്‍ച്ചയാവുകയാണ്. അടുത്തിടെ, അമേരിക്കന്‍ അഭിഭാഷകനും വ്യവസായിയുമായ ഡേവിഡ് റൂബന്സ്റ്റീനുമായി മെഴ്സിഡസ് ബെന്‍സ് സിഇഒ സ്റ്റെന്‍ ഒല കല്ലേനിയസ് ഒരു അഭിമുഖം നടത്തുകയുണ്ടായി. ഈ സംഭാഷണത്തിനിടയിലാണ് അദ്ദേഹം "മെഴ്സിഡസ്-ബെന്‍സ്' എന്ന പേരിന്റെ പിന്നിലെ കഥ പറയുന്നത്.
1886-ല്‍ ഗോട്ട്ലീബ് ഡൈംലര്‍ സ്ഥാപിച്ചതായിരുന്നു ഈ കാര്‍ കമ്പനി. അന്ന് ഇതിന്റെ പേര് ഡൈംലര്‍ എന്നായിരുന്നു. അക്കാലത്ത്, വില്‍ഹെം മെയ്ബാക്ക് ആയിരുന്നു ഡെയിംലറുടെ ചീഫ് എഞ്ചിനീയര്‍.
15 വര്‍ഷത്തിന് ശേഷം, ഓസ്ട്രിയന്‍ വ്യവസായിയായ എമില്‍ ജെല്ലിനെക്, റേസിംഗ് ആവശ്യങ്ങള്‍ക്കായി ഒരു എഞ്ചിന് രൂപകല്‍പ്പന ചെയ്യാന്‍ ഡൈംലറെയും മെയ്ബാക്കിനെയും സമീപിച്ചു. ഫ്രാന്‍സിലെ നൈസില് നടന്ന ഒരു കാറോട്ട മത്സരത്തില്‍ പങ്കെടുത്ത് മത്സരത്തിലെ വിജയിയാകാന്‍ വേണ്ടിയായിരുന്നു അത്.
ഡെയ്ംലറും മെയ്ബാക്കും ജെല്ലിനെക്കിന്റെ ആഗ്രഹം നിറവേറ്റി. അദ്ദേഹത്തിനായി അവര്‍ ശക്തമായ എഞ്ചിന് ഉള്ള ഒരു വാഹനം നിര്‍മിച്ചു. അങ്ങനെ അദ്ദേഹം ആ മത്സരത്തില്‍ വിജയിച്ചു. ആ കാറിന് തന്റെ മകളുടെ പേരിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
ഡെയ്ംലര്ക്ക് ആ ഈ പേര് ഇഷ്ടമായി. എമിലിന്റെ മകളുടെ പേര് ആയിരുന്നു "മെഴ്സിഡസ്'. മാത്രമല്ല ഇത് ആഗോളതലത്തില്‍ ജനപ്രിയമായ ബ്രാന്‍ഡായ മെഴ്സിഡസ് ബെന്‍സിന്റെ ഭാഗമാകുകയും ചെയ്തു.
1902 ജൂണ്‍ 23-ന് മെഴ്സിഡസ്-ബെന്‍സ് ഒരു ബ്രാന്‍ഡ് നാമമായി രജിസ്റ്റര്‍ ചെയ്യുകയും സെപ്റ്റംബര്‍ 26-ന് നിയമപരമായി പരിരക്ഷിക്കുകയും ചെയ്തു. 1903 ജൂണില്‍ എമില്‍ ജെല്ലിനെക് ഭാവിയില്‍ തന്നെ ജെല്ലിനെക്-മെഴ്സിഡസ് എന്ന് വിളിക്കാനുള്ള അനുമതി നേടിയിരുന്നു. 1918 ജനുവരി 21-ന് മരിക്കുന്നതുവരെ എമില്‍ ജെല്ലിനെക് ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിന്റെ താല്‍പ്പര്യമുള്ള നിരീക്ഷകനായി തുടര്‍ന്നു.
സ്ഥാപകരും പേരിന് കാരണക്കാരുമൊക്കെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും "മെഴ്സിഡസ്-ബെന്‍സ്' കാലങ്ങളെ അതിജീവിച്ച് ലോകത്തിന്റെ എല്ലാ ദൂരത്തിലേക്കും അതിന്റെ യാത്ര തുടരുന്നു. അതേ അടുത്ത തവണ ഈ കാറിനെ കാണുമ്പാള്‍ ആ പേരിന് പിന്നിലെ കഥ ഓര്‍ക്കുക...