മക്കള്‍ എന്നത് വലിയ സമ്പത്ത് തന്നെയാണ്. ഈശ്വരന്‍ കനിഞ്ഞനുഗ്രഹിക്കുന്ന വരദാനമാണ് ഇവരെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരു കുഞ്ഞിക്കാലു കാണാന്‍ ചികിത്സയും മറ്റും നടത്തി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുമുണ്ട്. ഇവരടക്കമുള്ളവര്‍ക്ക് സന്തോഷവും ഒപ്പം കൗതുകയും ഉളവാക്കുന്ന വാര്‍ത്തയാണ് യുഎസില്‍ നിന്നും വരുന്നത്.

37കാരിയും 12 കുട്ടികളുടെ അമ്മയുമായ വെറോണിക്ക മെറിറ്റ് എന്ന സ്ത്രീ മൂന്നാമതും വിവാഹത്തിനൊരുങ്ങുകയാണ്. ഇനി വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് പത്ത് മക്കളുള്ള പുരുഷനെയായിരിക്കുമെന്നും ഇവര്‍ പറയുന്നു.

"എനിക്ക് കൂടുതല്‍ കുട്ടികളെ വേണം അതിന് വേണ്ടിയാണ് മറ്റൊരു ഭര്‍ത്താവിനെ അന്വേഷിക്കുന്നത്. ബ്രിട്ടനിലെ റാഡ്‌ഫോര്‍ഡ്‌സ് കുടുംബവുമായി താന്‍ മത്സരിക്കുകയാണെന്നും അവിടത്തെ സ്യൂ റാഡ്‌ഫോര്‍ഡ് എന്ന സ്ത്രീ 22 കുട്ടികള്‍ക്കാണ് ജന്മം നല്‍കിയതെന്നും' വെറോണിക്ക ഓര്‍മിപ്പിക്കുന്നു.

ഈ റിക്കാര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലാണിവർ. കുട്ടികളുണ്ടാകുന്നത് തനിക്കൊരു ആസക്തി പോലാണെന്നും പതിനൊന്ന് കുഞ്ഞുങ്ങളെ ഒരേ സമയം ഗര്‍ഭം ധരിക്കാന്‍ സാധിച്ചാല്‍ ഞാന്‍ അത് ചെയ്യുമെന്നും വെറോണിക്ക പറയുന്നു. സ്വന്തം ശരീരത്തിന് എന്ത് സംഭവിക്കും എന്ന ഭയമൊന്നും വെറോണിക്കക്കില്ല.

വിക്ടോറിയ (22), ആന്‍ഡ്രൂ (17), മാനിക്ക് (16), ആദം (16), മാര (15), ഡാഷ്(13), ഡാര്‍ല(12), മാര്‍വലസ്(9), മാര്‍ട്ടല്യ(7), അമേലിയ(5), ദലീല(4), ഡൊനോവന്‍(2), മോദി (അഞ്ച് മാസം) എന്നിങ്ങനെയാണ് വെറോനിക്കയുടെ കുട്ടികളുടെ പേരുകള്‍. 2021ലാണ് വെറോണിക്ക രണ്ടാം ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയത്.



മുന്‍ ഭര്‍ത്താക്കന്മാരുമായി ഒത്തുപോകാന്‍ സാധിച്ചിരുന്നില്ലെന്നും അക്കാലം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വെറോണിക്ക പറയുന്നു. മക്കളാണ് ആകെയുള്ള ആശ്വാസം. അവരുടെ കളിയും ചിരിയുമാണ് ഇവരുടെ ജീവിതത്തിന് സന്തോഷം പകരുന്നത്.

അവരുടെ ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരമ്മയാണ് താനെന്നും വെറോണിക്ക ആത്മവിശ്വാസത്തോടെ പറയുന്നു. കഴിഞ്ഞ വര്‍ഷം വെറോണിക്ക മുത്തശ്ശിയായിരുന്നു. ഇവരുടെ മകളുടെ മകനും ഇളയ കുട്ടിയായ മോദിയും തമ്മില്‍ അഞ്ച് മാസത്തെ പ്രായ വ്യത്യാസമേയുള്ളൂ.