നിധി കിട്ടുമെന്ന് കരുതി മണ്ണ് കുഴിച്ചു നോക്കിയ ബാല്യം ചിലര്‍ക്കെങ്കിലും കാണും. എന്നാല്‍ മണ്ണില്‍ കളിച്ചുകൊണ്ടിരുന്ന ബാലന് ശരിക്കും "നിധി' കിട്ടിയെന്ന് കേട്ടാലോ? കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം നടന്നതെങ്കിലും ലഭിച്ച നിധിയുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോഴാണ്. ജര്‍മനിയിലെ ബ്രെമന്‍ എന്ന സ്ഥലത്തുള്ള സ്‌കൂളിലാണ് സംഭവം.

ജാര്‍ണെ എന്ന എട്ട് വയസുകാരന്‍ സ്‌കൂളിലുള്ള മണല്‍ നിറച്ച ബോക്‌സില്‍ (സാന്‍ഡ്‌ബോക്‌സ്) കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പഴയ നാണയം കിട്ടി. നാണയത്തിലെ എഴുത്തുകളൊന്നും അത്ര തെളിച്ചമുള്ളതായിരുന്നില്ല.

കുട്ടിയുടെ കൈവശമിരിക്കുന്ന നാണയം കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ പുരാവസ്തു വകുപ്പ് അധികൃതരെ അറിയിച്ചപ്പോഴാണ് ഇത് ശരിക്കുമൊരു നിധിയാണെന്ന സത്യം ഏവര്‍ക്കും മനസിലായത്.

1,800 വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയമായിരുന്നു ഇത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കസ് ഔറേലിയസ് അന്തോണിയോസിന്‍റെ കാലത്താണ് ഈ നാണയം ഇറക്കിയത്. എഡി 161നും 181നും ഇടയിലായിരുന്നു അദ്ദേഹം റോം ഭരിച്ചിരുന്നത്. നാണയത്തിന് 2.4 ഗ്രാം ഭാരമുണ്ടെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.


അക്കാലത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിരുന്നതിനാല്‍ നാണയങ്ങളില്‍ ചേര്‍ക്കുന്ന വെള്ളിയുടെ അളവ് കുറച്ചിരുന്നു. ആര്‍ക്കിയോളജിസ്റ്റായ ഉട്ട ഹാലേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. "റോമന്‍ ഡെനേറിയസ്' എന്നാണ് നാണയത്തിന്‍റെ പേരെന്നും ഹാലേ പറഞ്ഞു.

കൗതുകമുളവാക്കുന്ന മറ്റൊരു സംഗതിയും ഇതിനൊപ്പമുണ്ട്. ജര്‍മനിയിലെ ബ്രെമന്‍ എന്ന പ്രദേശം റോമന്‍ ഭരണത്തിന്‍റെ കീഴില്‍ വന്നിരുന്നതല്ല എന്നതാണത്. എന്നിട്ടും പണ്ടുകാലത്ത് റോമില്‍ തന്നെ അപൂര്‍വമായിരുന്ന നാണയം ഈ സ്ഥലത്ത് എങ്ങനെ വന്നുവെന്നതില്‍ കൂടുതല്‍ പഠനം നടത്തുകയാണ് വിദഗ്ധര്‍. ജർമനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ നിന്നും 215 മൈല്‍ ദൂരത്താണ് ബ്രെമന്‍ എന്ന പ്രദേശം.

നാണയം കണ്ടെത്തിയ ജാര്‍ണെ എന്ന വിദ്യാര്‍ത്ഥിക്ക് പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട ചില വിലയേറിയ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുമെന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു. ബ്രെമനിലെ ഫോക്ക് മ്യൂസിയത്തില്‍ ഈ നാണയം വൈകാതെ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.