കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പോലും തോറ്റു പോകുന്ന കൈയക്ഷരം! ലോകത്തിന് കൗതുകമായി പതിനാറുകാരി
വെബ് ഡെസ്ക്
Thursday, August 31, 2023 5:07 PM IST
കൗതുകത്തിന്‍റെ പര്യായമായി നില്‍ക്കുന്ന ഒട്ടേറെ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ കമ്പ്യൂട്ടറിന്‍റെ കൃത്യതയെ മാത്രമല്ല ഗ്രാഫിക്‌സ് സാങ്കേതികവിദ്യയുടെ നൈസര്‍ഗികശേഷിയെ പോലും അമ്പരപ്പിക്കുന്ന ഒരു പതിനാറുകാരി നമുക്കിടയിലുണ്ടെന്ന് കേട്ടാലോ? വിശ്വസിച്ചേ പറ്റൂ.
സ്വന്തം കൈയക്ഷരം കൊണ്ട് ലോകത്തെ ഞെട്ടിച്ച ഈ മിടുമിടുക്കിക്ക് കഴിഞ്ഞ വര്‍ഷം യുഎഇ അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു. പ്രകൃതി മല്ല എന്ന പെണ്‍കുട്ടിയുടെ കൈയക്ഷരം എക്‌സില്‍ വീണ്ടും വൈറലായതോടെ ആഗോളതലത്തില്‍ നിന്നും ഈ നേപ്പാള്‍ സ്വദേശിനിക്ക് അഭിനന്ദന പ്രവാഹമെത്തുകയാണ്.
ലോകത്തെ മികച്ച കൈയക്ഷരത്തിനുള്ള അവാര്‍ഡ് നല്‍കുന്നതിന് പുറമേ പ്രകൃതിയുടെ കൈയക്ഷരത്തിന്‍റെ ചിത്രങ്ങള്‍ യുഎഇ എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാലിപ്പോള്‍ ഡി.പ്രശാന്ത് നായര്‍ എന്ന വ്യക്തിയുടെ എക്‌സ് അക്കൗണ്ടില്‍ പ്രകൃതി എഴുതിയ ഒരു കുറിപ്പ് വീണ്ടും വന്നിരിക്കുകയാണ്. പ്രകൃതി പതിനാലാം വയസില്‍ എഴുതിയ അസൈന്‍മെന്‍റിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
മികച്ച കൈയക്ഷരം എന്ന വാദവുമായി പലതരത്തിലുള്ള എഴുത്തുകള്‍ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇത് ശരിക്കും അമ്പരിപ്പിച്ചുകളഞ്ഞുവെന്ന് നെറ്റിസണ്‍സ് പറയുന്നു.
എങ്ങനെയാണ് ഈ രീതിയില്‍ എഴുതാന്‍ സാധിക്കുന്നതെന്നാണ് മിക്കവരുടേയും സംശയം.
കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് റൈറ്റിംഗ് മെഷീനിനേക്കാള്‍ കൃത്യതയോടെയാണ് പ്രകൃതി എഴുതുന്നത് എന്നുൾപ്പടെയുള്ള കമന്‍റുകൾ പോസ്റ്റിനെ തേടിയെത്തി. ഈസി ഹാന്‍ഡ്‌റൈറ്റിംഗ് ഫോണ്ടിനെ ഓര്‍മിപ്പിക്കും വിധം ചെറു ചെരിവോടെ ഭംഗിയായിട്ടാണ് പ്രകൃതി എഴുതുന്നത്.