രണ്ട് തലയുള്ള പാമ്പെന്ന് കേൾക്കുമ്പോൾ നമുക്ക് കൗതുകം തോന്നും എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇത്തരത്തിലുള്ള പാമ്പുകളുടെ ചിത്രങ്ങൾ നാം അപൂർവമായി കണ്ടിട്ടുമുണ്ട്. എന്നാൽ ഫോട്ടോഷോപ്പ് മുതൽ എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിം​ഗ് വരെയുള്ള ഇക്കാലത്ത് ഇവയുടെ ആധികാരികത ഉറപ്പാക്കാൻ പലപ്പോഴും സാധിക്കാറില്ല.

എന്നാൽ രണ്ട് തലയുള്ള പാമ്പിന്‍റെ ഒറിജിനൽ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് സൈബർ ലോകം. യുകെയിലുള്ള എക്സ്റ്റർ എക്സോട്ടിക്സ് എന്ന എക്സോട്ടിക്ക് പെറ്റ് സ്റ്റോറിലാണ് രണ്ട് തലയുള്ള പാമ്പിനെ മുട്ടവിരിഞ്ഞ് ലഭിച്ചത്. വെസ്റ്റേൺ ഹോ​ഗ്നോസ് എന്ന ഇനത്തിൽ പെട്ട ഈ പാമ്പ് സാധാരണ രീതിയിൽ മുട്ടവിരിഞ്ഞാണ് ഉണ്ടായതെന്നും സ്റ്റോർ അധികൃതർ പറഞ്ഞു.

പിറന്ന് ദിവസങ്ങൾക്കകം പടം പൊഴിക്കുകയും ചെയ്തെന്ന് ഇവർ വ്യക്തമാക്കി. രണ്ട് വായിലൂടെയും പാമ്പ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും എന്നാൽ ഇടത് വശത്തെ വായിലൂടെ ഭക്ഷണം ഇറക്കാൻ പാമ്പിന് നേരിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റോർ അധികൃതർ പറയുന്നു.



സ്റ്റോറിന്‍റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് പാമ്പിന്‍റെ വീഡിയോയും മറ്റ് വിശദാംശങ്ങളും പങ്കുവെച്ചത്. ഉര​ഗങ്ങളേയും അവയ്ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, കൂടുകൾ എന്നിവയും വിൽക്കുന്ന സ്റ്റോറാണ് എക്സ്റ്റർ എക്സോട്ടിക്സ്. ഇവർ പങ്കുവെച്ച വീഡിയോ കണ്ട് ഒരുപാട് പേർ കമന്‍റുകളുമായി എത്തി. അവിശ്വസനീയമായ കാഴ്ചയാണിത് എന്നതരത്തിലുള്ള പ്രതികരണങ്ങളാണ് കൂടുതലായും എത്തിയത്.