ഗിന്നസ് റിക്കാര്‍ഡിലേക്ക് "ജംപ് റോപ്പിലൂടെ' കയറിയ പൂച്ച! കിറ്റ് ക്യാറ്റ് ആള് പൊളിയാണ്
വെബ് ഡെസ്ക്
Monday, August 21, 2023 12:15 PM IST
പൂച്ചകളെ ഏവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് വിദേശ ഇനത്തിലുള്ള പൂച്ചകളെ പൊന്നുംവില കൊടുത്ത് സ്വന്തമാക്കുന്നവരുമുണ്ട്. എന്നാല്‍ നായ്ക്കളെ പോലെ ഇവയ്ക്ക് പ്രത്യേക പരിശീലനം നല്കാന് സാധിക്കുമോ? അതിന് അവ വഴങ്ങുമോ തുടങ്ങിയ ചോദ്യം കാലങ്ങളായി നില്ക്കുന്ന ഒന്നാണ്.
എന്നാല്‍ പൂച്ചയെ പരിശീലിപ്പിക്കുക മാത്രമല്ല അതുവഴി ഗിന്നസ് റിക്കാര്‍ഡ് കൂടി നേടിക്കൊടുത്തിരിക്കുകയുമാണ് ഒരു അമേരിക്കന്‍ വനിത. അനിമല്‍ ട്രെയിനറായ ട്രിഷ സെയ്ഫ്രൈഡാണ് തന്റെ വളര്‍ത്തുമൃഗത്തെ ഗിന്നസ് ബുക്കില്‍ കയറ്റിയത്. കിറ്റ് ക്യാറ്റ് എന്നു പേരുള്ള പൂച്ചയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു.
ശരീരത്തിന് ചുറ്റും കയര്‍ കറക്കി ചെയ്യുന്ന "ജംപ് റോപ്പിംഗ്' എന്ന വ്യായാമ മുറയിലൂടെയാണ് ഇവര്‍ പൂച്ചയെ പരിശീലിപ്പിച്ചത്. ഓരോ തവണ കയര്‍ കറക്കുമ്പോഴും പൂച്ച അതിന് മുകളിലൂടെ പൊങ്ങി ചാടും. അങ്ങനെ ഒരു മിനിട്ടില്‍ ഒന്‍പത് തവണ ചാടിയാണ് മിസൗരി ഇനത്തില്‍ പെട്ട ഈ പൂച്ച ഗിന്നസ് റിക്കാര്‍ഡ് നേടിയത്.
പൂച്ചയ്ക്ക് പതിമൂന്ന് വയസുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജംപ് റോപ്പിംഗിലൂടെ പൂച്ച ചുറ്റുമുള്ളവരെ അമ്പരിപ്പിക്കുകയാണെന്നും ട്രിഷ പറയുന്നു. കിറ്റ് ക്യാറ്റ് നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും പങ്കുവെച്ചിട്ടുണ്ട്.