ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽവച്ച് അപൂർവമായ ഒരു കണ്ടെത്തലിന്‍റെ ത്രില്ലിലാണ് ഗവേഷകലോകം. 1,53,000 വർഷം പഴക്കമുള്ള ആദിമമനുഷ്യന്‍റെ കാൽപ്പാടുകൾ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു! ദക്ഷിണാഫ്രിക്കയിലെ കേപ് സൗത്ത് തീരത്തെ പിച്ചറസ്ക് ഗാര്‍ഡന്‍ റൂട്ട് നാഷണല്‍ പാര്‍ക്കിലാണ് പുരാതന മനുഷ്യരുടെ അടയാളങ്ങൾ അടങ്ങിയ സ്ഥലങ്ങൾ ഗവേഷകർ കണ്ടെത്തിയത്.

കാൽപ്പാടുകൾക്കു പുറമെ, കല്ലില്‍ തീര്‍ത്ത ആയുധങ്ങളും ആഭരണങ്ങളും ശില്‍പങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കേപ്പ് സൗത്ത് തീരത്തെ ആദിമമനുഷ്യരുടെ വാസത്തിനും പില്‍ക്കാലത്ത് ഇവിടെനിന്നു പല ഭൂഖണ്ഡങ്ങളിലേക്കു നടന്ന പലായനങ്ങൾക്കും തെളിവുകളാകുന്നു.


അരലക്ഷം വര്‍ഷം മുന്‍പുള്ള മനുഷ്യന്‍റെ കാല്‍പ്പാടുകൾ കണ്ടെത്തുകയെന്നതുതന്നെ പ്രയാസകരമാണെന്നായിരുന്നു ഗവേഷകർ അടുത്തകാലത്തുവരെ കരുതിയിരുന്നത്. അതിനിടെയാണ് ഒന്നരലക്ഷം വർഷം പഴക്കമുള്ള കാൽപ്പാടുകളുടെ കണ്ടെത്തൽ.

മനുഷ്യരാശിയുടെ മാതൃരാജ്യം ആഫ്രിക്കയിലാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. മൂന്നു ലക്ഷം വർഷം മുൻപ് മറ്റു ജീവജാലങ്ങളിൽനിന്നു മനുഷ്യന്‍റെ ആദിമവിഭാഗമായ ഹോമോ സാപിയൻസ് രൂപാന്തരം പ്രാപിച്ചത് ആഫ്രിക്കയിലെവിടെയോ ആണെന്നും തെളിവുകൾ ചൂണ്ടിക്കാട്ടി ശാസ്ത്രലോകം വിലയിരുത്തുന്നു.