ജപ്പാനിൽ "ബ്യാകുയാ' എന്ന പേരില്‍ തയാറാക്കുന്ന ഐസ്ക്രീം ഗിന്നസ് റിക്കാർഡ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ്. രുചിപ്പെരുമകൊണ്ടു മാത്രമല്ല, വിലകൊണ്ടു കൂടിയാണ് ഈ ബഹുമതി. ഏറെ പ്രത്യേകതകളുള്ള ഈ ഐസ്ക്രീമിന് ഒരു കപ്പിന് അഞ്ചുലക്ഷത്തിലേറെയാണ് വില.

ഐസ്ക്രീം തയാറക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ വിലപിടിച്ചവയാണ്. ഗോള്‍ഡ് ലീഫ്, വൈറ്റ് ട്രഫിള്‍, പര്‍മിജിയാനോ റഗിയാനോ, സേക്ക് ലീസ് തുടങ്ങിയവ അടങ്ങിയതാണ് ഐസ്ക്രീം. വിഖ്യാത ജാപ്പനീസ് ഷെഫ് തദായോഷി യമദയാണ് ഐസ്ക്രീം തയാറാക്കിയത്. ഫ്യൂഷന്‍ കുസീനുകള്‍ തയാറാക്കുന്നതില്‍ പ്രഗത്ഭനാണ് ഇദ്ദേഹം.


ഈ ജാപ്പനീസ് ഐസ്ക്രീമിനെക്കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെ ഐസ്ക്രീം വൈറലുമായി. അഞ്ചുലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ ഒരു പുത്തന്‍ ചെറുകാര്‍ വാങ്ങാമെന്നിരിക്കേ ഈ ഐസ്ക്രീം കഴിക്കാൻ ആരൊക്കെ തയാറാകുമെന്നതു കണ്ടറിയേണ്ട കാര്യം!