വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടുവന്നാലും മറ്റുള്ളവരെ കോപ്പിയടിച്ചെന്ന ആക്ഷേപമായിരിക്കും മിച്ചം. എന്നാൽ വിവാഹം ഭൂമിയിലാക്കാതെ ബഹിരാകാശത്താക്കിയാലോ എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ബഹിരാകാശ യാത്രാ കമ്പനി. സ്പേസ് പെർസ്പെക്റ്റീവ് എന്ന കമ്പനിയാണ് ഈ ആശയത്തിനു പിന്നിൽ.

കമ്പനിയുടെ നെപ്ട്യൂൺ ബഹിരാകാശ പേടകം ഉപയോഗിച്ച് നിങ്ങളുടെ ആഗ്രഹം സാധ്യമാക്കുമെന്നാണ് കന്പനിയുടെ അവകാശവാദം. സാധാരണ ബഹിരാകാശ യാത്രപോലെയുള്ള അനുഭവം ആയിരിക്കില്ലെന്നും ആഡംബരപൂർണമായ ഒരു യാത്രയായിരിക്കുമതെന്നും ബഹിരാകാശ യാത്ര നടത്താനുള്ള ശാരീരിക-സാന്പത്തിക യോഗ്യതയുള്ള ആരെയും തങ്ങൾ പരിഗണിക്കുമെന്നും കമ്പനി പറയുന്നു.


ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്പേസ് ബലൂൺ ഉപയോഗിച്ചായിരിക്കും ഉയർത്തുക. വധൂവരന്മാർക്ക് പേടകത്തിനുള്ളിൽ വിശ്രമിക്കാനും കോക്ക്ടെയിലുകൾ പങ്കിടാനും സൗകര്യം ഒരുക്കിയിട്ടുണ്ടാകും. പേടകത്തിലെ ഒരു സീറ്റിന് വിലയായി നൽകേണ്ടത് 1,25,000 ഡോളർ ആയിരിക്കും. അതായത് ഒരു കോടി രൂപയ്ക്കു മുകളില്‍.

അടുത്തവർഷം പദ്ധതി ആരംഭിക്കും. ഇതിനോടകം 1000ലധികം ടിക്കറ്റുകൾ വിറ്റുപോയെന്നു കമ്പനി വക്താക്കൾ അവകാശപ്പെടുന്നു. അമേരിക്കൻ എയ്റോസ്പേസ് എക്സിക്യൂട്ടീവും എഴുത്തുകാരിയും പ്രഭാഷകയുമായ ജെയ്ൻ പോയിന്‍റർ ആണ് കമ്പനിയുടെ സ്ഥാപകയും സഹ-സിഇഒയും.