"പ്രിയപ്പെട്ട പശു, നായ, ഉറുമ്പ്... മകളുടെ കല്യാണമാണ്; വരണം'
Thursday, May 11, 2023 11:09 AM IST
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണല്ലൊ. അതിലും പ്രത്യേകതയുണ്ടാകും ഒരാള്‍ തനിക്ക് പ്രിയപ്പെട്ടവരുടെ കല്യാണം നടത്തുമ്പോള്‍. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ നാം ഈ ചടങ്ങിലേക്ക് ക്ഷണിക്കാറുണ്ടല്ലൊ. ഇതിനിടയില്‍ ആരെയെങ്കിലും ഒന്നുവിട്ടുപോയാല് അതാകെ പൊല്ലാപ്പാകും.
എന്നാല്‍ ഏക മകളുടെ വിവാഹത്തിന് തനിക്ക് പ്രിയപ്പെട്ട സകല ജീവികളെയും ക്ഷണിച്ച് വൈറലായിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കര്ഷകന്.
ബുല്‍ധാന ജില്ലയിലുള്ള കോതാലി ഗ്രാമത്തിലാണ് സംഭവം. പ്രകാശ് സരോദേ എന്ന കര്‍ഷകന്റെ മകളുടെ വിവാഹമായിരുന്നു. എന്നാല്‍ മനുഷ്യരെ മാത്രമല്ല അദ്ദേഹം വിവാഹ സത്ക്കാരത്തിനായി ക്ഷണിച്ചത്.
പശു, നായ, ഉറുമ്പ്, പക്ഷി എന്നിവയെ ഒക്കെ അദ്ദേഹം ഈ സത്ക്കരത്തിലേക്ക് ക്ഷണിച്ചു. മനുഷ്യരായ അതിഥികള്‍ക്ക് മുമ്പ് തന്നെ ഇവയ്ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.പശുക്കള്‍ക്ക് പത്ത് ക്വിന്റല്‍ ദേപയും കാലിത്തീറ്റയും ഇദ്ദേഹം ഒരുക്കി. നായ്ക്കള്‍ക്ക് നിരനിരയായി നിന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിനല്കി.
ഉറുമ്പുപോലുള്ള ചെറിയ ജീവികളെയും അദ്ദേഹം ഓര്‍ത്തു. രണ്ട് ബാഗ് പഞ്ചസാര ഉറുമ്പുകള്‍ക്ക് അദ്ദേഹം നല്കി. ഈ വിവാഹത്തില്‍ ആരും പട്ടിണി കിടക്കരുത് എന്നായിരുന്നു പ്രകാശിന്റെ ആഗ്രഹം.
വേറെയും നിരവധി പ്രത്യേകതകള്‍ ഈ വിവാഹത്തിനുണ്ടായിരുന്നു. ഗ്രാമത്തിനടുത്തുള്ള അഞ്ചേക്കര്‍ കൃഷിയിടത്തില്‍ ഒരു മണ്ഡപം നിര്‍മിച്ചതാണ് അവയിലൊന്ന്. അഞ്ചുഗ്രാമങ്ങളില്‍ നിന്നും 10,000 പേരെയാണ് അദ്ദേഹം വിവാഹ സത്ക്കാരത്തിലേക്ക് ക്ഷണിച്ചത്.
ഇന്ത്യന്‍ ആര്‍മിയിലുള്ള അതുല്‍ ദിവാനാണ് ഇദ്ദേഹത്തിന്റെ മരുമകനായി എത്തിയത്. നെറ്റിസണില്‍ ചര്‍ച്ചയായി മാറിയ ഈ വിവാഹത്തിന് നിരവധിപേര്‍ ആശംസകള്‍ നേര്‍ന്നു.