രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ സൈനികത്താവളം സൗദി അറേബ്യന്‍ മരുഭൂമിയില്‍ ഗവേഷകര്‍ കണ്ടെത്തി. ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് സൈനികത്താവളം കണ്ടെത്തിയത്.

രണ്ടാം നൂറ്റാണ്ടില്‍ തെക്കുകിഴക്കന്‍ ജോര്‍ദാനിലൂടെ സൗദിയിലേക്കുള്ള റോമന്‍ പ്രവേശനത്തിന്‍റെ തെളിവുകളാണ് സൈനികത്താവളങ്ങള്‍ അവശേഷിപ്പിക്കുന്നതെന്നു ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

എഡി 106ല്‍ ജോര്‍ദാനിലെ നബാതിയന്‍ സാമ്രാജ്യം പിടിച്ചടക്കിയതിനു പിന്നാലെയാണ് റോമാക്കാര്‍ കോട്ടകള്‍ നിര്‍മിച്ചതെന്നു കരുതുന്നു. ഓരോ വശത്തും എതിര്‍വശത്തും പ്ലേയിംഗ് കാര്‍ഡ് രൂപത്തിലുള്ള പ്രവേശന കവാടങ്ങള്‍ കാണാം. ഇത്തരം പ്രത്യേകതകള്‍ കണ്ടെത്തിയതില്‍നിന്നു സൈനികത്താവളം നിര്‍മിച്ചത് റോമന്‍ സൈനികരാണെന്ന് ഉറപ്പാണെന്നു പട്ടാളകേന്ദ്രം ആദ്യം കണ്ടെത്തിയ ഡോ. മൈക്കല്‍ ഫ്രാഡ്‌ലി പറഞ്ഞു.

അറേബ്യയിലെ റോമന്‍ ആധിപത്യക്കുറിച്ചു കൂടുതല്‍ ചരിത്രവസ്തുതകള്‍ വെളിപ്പെടുന്നതാണ് കണ്ടെത്തലെന്നു റോമന്‍ സൈനിക വിദഗ്ധന്‍ ഡോ. മൈക്ക് ബിഷപ് അഭിപ്രായപ്പെട്ടു.
നബാതിയന്‍ സാമ്രാജ്യത്തിന്‍റെ അവസാന രാജാവായ റാബല്‍ രണ്ടാമന്‍ സോട്ടറിന്‍റെ മരണത്തെത്തുടര്‍ന്ന് നബാറ്റിയന്മാര്‍ക്കെതിരേ അപ്രതീക്ഷിത ആക്രമണം നടത്തിയതിന്‍റെ തെളിവുകളാണ് സൈനികകേന്ദ്രമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു.

എഡി 70 മുതല്‍ 106 വരെ ഭരണത്തിലിരുന്ന നബാതിയന്‍ രാജാവായിരുന്നു റാബല്‍ രണ്ടാമൻ സോട്ടർ. റാബലിന്‍റെ പിതാവ് മാലിച്ചസ് രണ്ടാമന്‍ മരിക്കുമ്പോള്‍ റാബര്‍ കുട്ടിയായിരുന്നു. അതുകൊണ്ടേ അദ്ദേഹത്തിന്‍റെ മാതാവ് ഷാക്കിലത്ത് രണ്ടാമന്‍ നബാറ്റിയന്‍റെ ഭരണം ഏറ്റെടുത്തു. 106ല്‍ റാബല്‍ മരിക്കുമ്പോള്‍ റോമന്‍ ചക്രവര്‍ത്തിയായ ട്രാജന്‍ അനായാസമായി നബാറ്റിയന്‍ രാജ്യം കീഴടക്കുകയായിരുന്നു.