ഈജിപ്തില്‍ ചെങ്കടലിന്‍റെ തീരത്തുള്ള പ്രാചീന തുറമുഖനഗരമായ ബെറനീസിൽ ബുദ്ധന്‍റെ പൂര്‍ണരൂപത്തിലുള്ള പ്രതിമ കണ്ടെത്തി. ഒരു പുരാതനക്ഷേത്രത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് ബുദ്ധപ്രതിമ ലഭിച്ചതെന്നു പോളിഷ്-യുഎസ് ഗവേഷകസംഘത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

റോമന്‍ കാലഘട്ടത്തില്‍ ഈജിപ്തും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലേക്കാണ് ഈ കണ്ടെത്തൽ വാതില്‍തുറക്കുന്നതെന്ന് ഈജിപ്ത് പുരാവസ്തു കൗണ്‍സില്‍ മേധാവി മുസ്തഫ അല്‍ വസീറി പറഞ്ഞു.

ഖനനത്തില്‍ കണ്ടെത്തിയ ബുദ്ധപ്രതിമയ്ക്ക് 28 ഇഞ്ച് വലിപ്പമുണ്ട്. തലയ്ക്കു ചുറ്റം പ്രഭാവലയവും പാദത്തിനോടു ചേര്‍ന്നു താമരപ്പൂവും ഉണ്ട്. പ്രതിമയുടെ വലതുഭാഗത്തിനു കേടുപാടുകള്‍ സംഭവിച്ചനിലയിലാണ്. വലതുകാലും നഷ്ടപ്പെട്ടു.


റോമന്‍ കാലഘട്ടത്തില്‍ ഈജിപ്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായിരുന്നു ബെറനീസ്. സുഗന്ധദ്രവ്യങ്ങള്‍, അമൂല്യമായ രത്നങ്ങള്‍, തുണിത്തരങ്ങള്‍, ആനക്കൊമ്പ് എന്നിവയടങ്ങിയ ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി തുറമുഖത്ത് എത്തിയിരുന്നു.