ആളുകളെ അമ്പരപ്പിച്ച് മുന്നേറുകയാണ് ഈ "ചതുരച്ചക്ര സൈക്കിള്‍'
Wednesday, April 19, 2023 12:26 PM IST
ലോകം തന്നെ പുരോഗതിയിലേക്ക് കറങ്ങിയെത്തുകയായിരുന്നെന്ന് പറയാം. കാരണം ചക്രത്തിന്റെ കണ്ടുപിടിത്തം അത്ര വലിയ മാറ്റമാണ് മാനവരാശിക്ക് സമ്മാനിച്ചത്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചിട്ടും, പല കാര്യങ്ങള്‍ക്കും മറ്റൊന്ന് പകരമായി എത്തിയിട്ടും ഇപ്പോഴും പ്രാധാന്യത്തോടെ നില്ക്കുന്ന ഒന്നാണ് ചക്രം.
ഒരു വാഹനത്തെ സംബന്ധിച്ച് നമ്മുടെ മനസില്‍ ആദ്യമെത്തുന്നതും വട്ടത്തിലുള്ള ടയര്‍ എന്നതായിരിക്കും. പക്ഷേ ആ കാഴ്ചപ്പാടിനെ തിരുത്തുകയാണ് ഒരു എഞ്ചിനീയര്‍. കാരണം ചതുരത്തിലുള്ളൊരു സൈക്കിള്‍ നിര്‍മിച്ച് ഓടിച്ചിരിക്കുയാണ് സെര്‍ജി ഗോര്ഡിയേവ് എന്ന ഇദ്ദേഹം.
സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹം പങ്കുവച്ച വേറിട്ട "ചതുരച്ചക്ര സൈക്കിള്‍' വെെകാതെ വൈറലായി മാറി. ഇദ്ദേഹം സൈക്കിള്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ഏറെ കൗതുകത്തോടെയാണ് കണ്ടത്.
നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. "ഈ സൈക്കിള്‍ ഞെട്ടിച്ചു കളഞ്ഞു. ഇനിയും വേറിട്ട പരീക്ഷണങ്ങള്‍ ഉണ്ടാകട്ടെ' എന്നാണൊരാള്‍ കുറിച്ചത്.