മരിച്ചയാളുടെ മടങ്ങിവരവില്‍ ഞെട്ടിയും സന്തോഷിച്ചും നാട്ടുകാർ; സംഭവിച്ചത് ഇതാണ്
Monday, April 17, 2023 3:31 PM IST
മരണം എല്ലാവരെയും ദുഃഖത്തിലാക്കുന്ന ഒന്നാണല്ലൊ. അതുവരെ നമ്മളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന പ്രിയപ്പെട്ടവര്‍ ഒന്നുമറിയാതെ കിടക്കുമ്പാള് ഉള്ളുലയാത്തവരില്ല. അവര്‍ ഒരിക്കല്‍ കൂടി മടങ്ങിയെത്തിയിരുന്നെങ്കില്‍ എന്ന് കൊതിക്കാത്തവര്‍ ചുരുക്കമാണ്.
അത്തരത്തിലുള്ള ഒരു ഞെട്ടിക്കല്‍ മടങ്ങിവരവിന്റെ കാര്യമാണിത്. സംഭവം അങ്ങ് മധ്യപ്രദേശിലാണ്. ധാര്‍ ജില്ലയില്‍ ഉള്ള കമലേഷ് പട്ടിദാർ (35) ആണ് ഈ ജീവിച്ചിരിക്കുന്ന "പരേതന്'.
2021ല്‍ കോവിഡ് പിടിപെട്ട കമലേഷ് ഗുജറാത്തിലെ വഡോദരയിലെ ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. വൈകാതെ ഈ മഹാമാരി നിമിത്തം ആ ചെറുപ്പക്കാരന് മരണപ്പെട്ടതായി വീട്ടുകാരോട് ആശുപത്രി അധികൃതർ അറിയിച്ചു.
മരണകാരണം കൊറോണ ആയതിനാല്‍ കമലേഷിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് ലഭിച്ചില്ല. എന്നിരുന്നാലും ആ "ആത്മാവിന്' ശാന്തി കിട്ടാനുള്ള കാര്യങ്ങളൊക്കെ വീട്ടുകാര്‍ മുറയ്ക്ക് ചെയ്തു.
വര്‍ഷം രണ്ടുകഴിഞ്ഞ്, കഴിഞ്ഞ ശനിയാഴ്ച കരോഡ്കല ഗ്രാമത്തിലെ മാതൃസഹോദരിയുടെ വീടിന്റെ വാതിലില്‍ ഇയാള്‍ വന്നുമുട്ടി. കമലേഷിനെ കണ്ട് ആ വീട്ടുകാരും നാട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്ന്. മരിച്ചയാളെ കാണാന്‍ നാട്ടുകാര്‍ ഓടിക്കൂടി.
ഇക്കാലയളവില്‍ കമലേഷ് എവിടെ ആയിരുന്നെന്നൊ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നോ ആര്‍ക്കും അറിയില്ല. കമലേഷ് അതിനെ കുറിച്ചു പറഞ്ഞിട്ടുമില്ലത്രെ. എന്തായാലും മരിച്ച മകന് തിരികെ വന്നതിന്റെ സന്തോഷത്തിലാണ് കമലേഷിന്റെ കുടുംബാംഗങ്ങള്‍.