2,177 കിലോഗ്രാം ഭാരമുള്ള സൈക്കിളിനെക്കുറിച്ചു ചിന്തിക്കാൻ പറ്റുമോ? ഇനി ഉണ്ടെങ്കിൽതന്നെ ആ സൈക്കിൾ ചവിട്ടിക്കൊണ്ടുപോകാൻ പറ്റുമോ? സെബാസ്റ്റ്യൻ ബട്ട്ലർ എന്ന ജർമൻകാരൻ നിർമിച്ച ഇത്തരത്തിലുള്ള സൈക്കിൾ വലിയ കൗതുകമായിരിക്കുകയാണ്.

പൂർണമായും ഉപയോഗശൂന്യമായ ലോഹങ്ങൾകൊണ്ടു നിർമിച്ച ഈ സൈക്കിളിനു പേരുമുണ്ട് "ക്ലീൻ ജോഹന്ന'. ലോകത്തെ ഏറ്റവും വലുതെന്ന നിലയിൽ ഈ സൈക്കിൾ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിന്‍റെ ദേശീയ പതിപ്പായ ജർമനിയിലെ റിക്കാർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിനോടകംതന്നെ ഇടം പിടിച്ചുകഴിഞ്ഞു.

അഞ്ചു മീറ്റർ നീളവും രണ്ടു മീറ്റർ ഉയരവുമുണ്ട് സൈക്കിളിന്. സൈക്കിൾ കാലുകൊണ്ട് ചവിട്ടുന്നതിനു പകരം ഓടിക്കാൻ ട്രക്കിന്‍റെ ഗിയർബോക്സ് ആണ് ഉപയോഗിക്കുന്നത്. സൈക്കിളിന് 35 ഫോർവേഡ് ഗിയറുകളും ഏഴ് റിവേഴ്സ് ഗിയറുകളുമാണുള്ളത്. ഒരു പെഡലിലൂടെ ഒരാൾക്കു മാത്രമാണ് ഇതു പ്രവർത്തിപ്പിക്കാൻ സാധിക്കുക.


സൈക്കിളിന്‍റെ വേഗത, മറ്റു കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് ബട്ട്ലർ ഒന്നും പറഞ്ഞിട്ടില്ല. മൂന്നു വർഷം സമയമെടുത്താണ് സെബാസ്റ്റ്യൻ ബട്ട്ലർ ഭീമൻസൈക്കിളിന്‍റെ നിർമാണം പൂർത്തിയാക്കിയത്. അദ്ദേഹത്തിന്‍റെ വർക്ക്ഷോപ്പിലായിരുന്നു നിർമാണം. സഹായത്തിനു മറ്റാരെയും ബട്ട്ലർ കൂട്ടിയിരുന്നില്ല. കുറച്ചുകാലമായി ഉപയോഗശൂന്യമായ ലോഹങ്ങൾ ഉപയോഗിച്ചു വാഹനങ്ങൾ നിർമിക്കുന്ന പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ബട്ട്ലർ.