ഒരു പാല്പുഞ്ചിരി; ഈ പശുക്കുട്ടി സദാ 'ഹാപ്പിയാണ്'
Friday, March 31, 2023 11:09 AM IST
സോഷ്യല്‍ മീഡിയയുടെ വരവോടെ പലതരം ഇമോജികളും നമുക്കിടയിലേക്കെത്തി. അവയില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് സ്മൈലി ഇമോജി. ഇത് മിക്കവരുടെയും മൂഡ് മാറ്റുമെന്ന് പറയേണ്ടതില്ലല്ലൊ.
എന്നാല്‍ ഇപ്പോള്‍ ഓസ്ട്രേലിയയിലെ വെസ്റ്റ് ഗിപ്സ്ലാന്‍ഡിലെ റിപ്പിള്ബ്രൂക്കിലുള്ളവര്ക്ക് ഈ സ്മൈലി കാണാന്‍ സമൂഹ മാധ്യമങ്ങളുടെ സേവനം തേടണ്ട പകരം അവിടുള്ള ഒരു ഫാമിലേക്കൊന്ന് എത്തിയാല്‍ മതി.
കാരണം ഇവിടെ ജനിച്ച ഒരു പശുക്കുട്ടിയുടെ ശരീരത്തില്‍ ഈ സ്മൈലി കാണാനാകും. മേഗനും ബാരി കോസ്റ്ററുമാണ് ഈ ഫാമിന്റെ ഉടമകള്‍. ഹോള്‍സ്റ്റീന്‍-ഫ്രീസിയന്‍ ഇനത്തില്‍പ്പെട്ട ഈ പശുക്കുട്ടിക്ക് അവര്‍ "ഹാപ്പി' എന്നാണ് പേരിട്ടത്.
ആ പേരിന് കാരണം ഈ സ്മെെലി തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. മേഗനും ബാരി കോസ്റ്ററിനും 700ല്‍ പരം പശുക്കള്‍ ഈ ഫാമിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ മുഴുവനും ശ്രദ്ധിക്കുന്ന ഏക പേര് ഹാപ്പിയാണ്. അതിനെ കാണുന്നവരും ഹാപ്പിയാണ്.
ഈ പശുക്കുട്ടി സോഷ്യല്‍ മീഡിയയുടെ മനവും കവര്‍ന്നിരിക്കുകയാണ്. "മറ്റുള്ളവര്‍ക്ക് ആനന്ദം പ്രദാനം ചെയ്യാന്‍ കഴിയുന്നത് ഏറ്റവും വലിയ കാര്യമാണ്. ഇത് പ്രകൃതി നല്കിയ പുഞ്ചിരിതന്നെ' എന്നാണൊരാള്‍ കുറിച്ചത്.