രണ്ടു ലോകമഹായുദ്ധങ്ങൾക്കു സാക്ഷ്യംവഹിച്ച മുത്തശിയാണ് ഒലിവ് എഡ്വാർഡ്സ്. ഇംഗ്ലണ്ടിൽ നോർത്ത് യോർക്ക്ഷെയറിലെ ഹാക്സ്ബിയാണു സ്വദേശം. കഴിഞ്ഞ ദിവസം 109ാം പിറന്നാൾ ആഘോഷിച്ച ഇവർ തന്‍റെ ദീർഘായുസിനെക്കുറിച്ചു വിശദീകരിച്ചു.

സാൽമൺ മത്സ്യവും പച്ചക്കറിയുമാണ് ഒലിവ് മുത്തശിയുടെ ഇഷ്ടഭക്ഷണം. ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കും. ഒരുപാട് വെള്ളവും കുടിക്കും. നടക്കാൻ ഇഷ്ടമാണ്. ഇപ്പോഴും എന്നും നടക്കാറുണ്ടെന്നും ഇവർ പറയുന്നു. അധ്യാപികയായി വിരമിച്ച ആളാണ് ഒലിവ്. വിരമിക്കുംവരെ എലമെന്‍ററി സ്കൂളിലെ അധ്യാപികയായുള്ള ജീവിതം ഇഷ്ടപ്പെട്ടിരുന്നെന്നും മുത്തശി പറഞ്ഞു.


തുന്നാനും വായിക്കാനും ഒക്കെ ഇഷ്ടമാണ്. ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കാനിഷ്ടപ്പെട്ടിരുന്നില്ലെന്നു പറഞ്ഞ ഒലിവ്, താൻ ഒരു കാർക്കശ്യക്കാരിയാണെന്നു പറയാനും മടിക്കുന്നില്ല. 1914 ലാണു ഒലിവ് ജനിച്ചത്. മക്കൾക്കും കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കുമൊക്കെ ഒപ്പമായിരുന്നു മുത്തശിയുടെ പിറന്നാൾ ആഘോഷം.