കഴുത അത്ര നിസാര മൃഗമല്ല! സീസറിനെ വരെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യത്തിനു പിന്നിലും കഴുതയുണ്ട്! പുരാതന ഈജിപ്തിലെ, ക്ലിയോപാട്ര തന്റെ വിസ്മയസൗന്ദര്യവും യൗവനവും നിലനിർത്താൻ കഴുതപ്പാലിൽ കുളിച്ചിരുന്നതായി പറയപ്പെടുന്നു.

പ്രത്യേക ഇനത്തിൽപ്പെട്ട കഴുതയ്ക്കും അവയുടെ പാലിനും വലിയ ഡിമാൻഡ് ഇന്നുമുണ്ട്. ഗുജറാത്തിലെ നാടൻ ഇനമായ "ഹലാരി' കഴുതകളുടെ പാലിനു ലിറ്ററിന് 7,000 രൂപവരെയാണു വില! ഒരു കഴുതയുടെ വിലയോ, ഒരു ലക്ഷവും!

ആന്‍റി-ഏജിംഗ്, ആന്‍റി ഓക്സിഡന്‍റ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്ന ഹലാരി കഴുതകളുടെ പാൽ സ്ത്രീകളുടെ സൗന്ദര്യവർധക വസ്തുക്കളിലെ പ്രധാന ചേരുവയാണ്. സോപ്പ്, സ്കിൻ ജെൽ, ഫേസ് വാഷ് തുടങ്ങിയവയാണ് കഴുതപ്പാലിൽനിന്ന് ഉണ്ടാക്കുന്നത്. ഈ പാലിന്റെ ഔഷധഗുണവും കെങ്കേമമാണ്.



ഹലാരി കഴുതകൾക്കു മറ്റു കഴുതകളെ അപേക്ഷിച്ച് ഉയരം കൂടുതലാണ്. കാഴ്ചയ്ക്ക് ചെറിയ കുതിരയെപ്പോലെയിരിക്കും. ഈ കഴുതകൾ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമാണ്. ഇവയുടെ എണ്ണത്തിൽ വൻ കുറവു സംഭവിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ആൺ കഴുതകളാണ് ആശങ്കയുയർത്തും വിധം കുറഞ്ഞുവരുന്നത്. ഗുജറാത്തിൽതന്നെ 450 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഇവയെ സംരക്ഷിക്കുന്നതിനുള്ള തീവ്രപരിപാടികളിലാണ് സർക്കാർ. ഇവയുടെ പ്രജനനത്തിനുമായി കേന്ദ്ര-സംസ്ഥാന സർ‌ക്കാരുകൾ പ്രത്യേക പദ്ധതികൾതന്നെ നടപ്പാക്കുന്നുണ്ട്.

ആൺകഴുതകളുടെ ജനനത്തിനായി ഗുജറാത്തിൽ അടുത്തിടെ പ്രത്യേക ആഘോഷം സംഘടിപ്പിക്കുകയുണ്ടായി. രാജ്കോട്ട് ജില്ലയിലെ ഉപ്ലെറ്റ താലൂക്കിലെ കോൽക്കി ഗ്രാമത്തിലാണു ചടങ്ങുകൾ നടന്നത്. നിരവധി ഗ്രാമീണരാണു ചടങ്ങുകളിൽ പങ്കെടുത്തത്.

ഗർഭിണികളായ ഹലാരി കഴുതകൾക്കു വേണ്ടി സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമത്തിലെ സ്ത്രീകൾ പെൺകഴുതകളെ തിലകവും കുങ്കുമവും ചാർത്തി ദുപ്പട്ട ധരിപ്പിക്കുകയും പൂമാലകൾ ഇടുകയും ചെയ്തു.