"റബര്‍ മനുഷ്യന്' അതിശയകരമായ മെയ്വഴക്കമുള്ള ജൗറസ് കൊമ്പിലയെക്കുറിച്ച്
Saturday, January 14, 2023 3:54 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടെയും കഴിവുകള്‍ നമുക്ക് എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്. ചിലരുടെ പ്രകടനം നമ്മെ അമ്പരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ജിംനാസ്റ്റിക് പരിശീലിക്കുന്നവരുടെ മെയ്‌വഴക്കം നമ്മളെ ഞെട്ടിക്കും.
മനസ് വിചാരിക്കുന്ന ഇടത്ത് ശരീരമെത്തിക്കുന്നത് സാധാരണക്കാര്‍ക്ക് അസാധാരണമാണ്. ഇത്തരം പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജൗറസ് കോമ്പില എന്ന യുവാവ്.
ടിക്ടോക്കില്‍ നിരവധിയാളുകള്‍ പിന്തുടരുന്ന ജൗറസ് ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലെ താമസക്കാരനാണ്. അദ്ദേഹത്തിന്‍റെ വഴക്കം മാര്‍വല്‍ കോമിക്സിന്‍റെ ഫാന്‍റാസ്റ്റിക് ഫോറിലെ റീഡ് റിച്ചാര്‍ഡ്സിനെ ഓര്‍മിപ്പിക്കുന്നതാണ്.
ജന്മനാ വഴക്കമുള്ളവനായിരുന്ന ഇദ്ദേഹം പരിശീലനത്തിലൂടെ തന്‍റെ കഴിവിനെ പരിപോഷിപ്പിച്ചു. ചെറുപ്പത്തിൽ ഒരു ജിംനാസ്റ്റിക്സ് കോച്ചിന്‍റെ സേവനം ആവശ്യപ്പെടാനുള്ള സാമ്പത്തികം അദ്ദേഹത്തിനില്ലായിരുന്നു. അച്ഛന്‍ കാണാറുള്ള ആയോധനകല സിനിമകളില്‍ നിന്നുള്ള ചലനങ്ങള്‍ നോക്കി സ്വയം പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ഫലമായി നിലവിൽ തന്‍റെ ശരീരത്തിന്‍റെ ഏത് ഭാഗവും വളച്ചൊടിക്കാന്‍ ജൗറസിന് കഴിയും. കഴുത്ത്, ആമാശയം, ശ്വാസകോശം, കൈകള്‍, തല, സുഷുമ്നാ നാഡി, കാലുകള്‍ എന്നിവ വളച്ചൊടിക്കാന്‍ ജൗറസിനാകുന്നുണ്ട്.
നിലവില്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ പ്രകടനങ്ങള്‍ ജൗറസ് പങ്കുവയ്ക്കാറുണ്ട്. അവയൊക്കെതന്നെ നെറ്റിസണെ കൗതുകത്തിലാക്കുന്നു എന്നതാണ് വാസ്തവം.