കൈ കാലുകളുപയോഗിച്ച് ഒരേ സമയം നാല് ചിത്രങ്ങള്‍ തീര്‍ക്കുന്ന ചിത്രകാരി
Thursday, August 18, 2022 10:22 AM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ ധാരാളം കലാകാരന്മാരും ചിത്രകാരന്മാരും നമുക്ക് എളുപ്പത്തില്‍ പരിചിതരായി മാറി. അവരില്‍ ചിലരുടെ കഴിവുകള്‍ നമ്മളെ വല്ലാതെ വിസ്മയിപ്പിക്കും.
അത്തരത്തില്‍ കാണികളെ വിസ്മയിപ്പിക്കുന്ന ഒരാളാണ് രാജ സെന്ന വാന്‍ഡാം എന്ന 29 കാരി. ഫോട്ടോഗ്രാഫുകള്‍ പോലെയുള്ള അതിശയകരമായ ഛായാചിത്രങ്ങള്‍ ഒരേ സമയം കൈകളും കാലുകളും ഉപയോഗിച്ച് വരയ്ക്കാന്‍ ഇവര്‍ക്ക് കഴിയും.
നെതര്‍ലാന്‍ഡില്‍ നിന്നുള്ള രാജസെന്ന വാന്‍ ഡാം നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രങ്ങളുടെ ശേഖരത്തില്‍ വണ്ടര്‍ വുമണ്‍, ഹാരി പോട്ടര്‍, ആഞ്ജലീന ജോളി, ഗായകരായ ഷക്കീറ, ബില്ലി എലിഷ്, ബെല്ല പോര്‍ച്ച് എന്നിവരൊക്കെ ഉള്‍പ്പെടുന്നു.
ആദ്യം ഇരു കൈകളും കൊണ്ട് വരയ്ക്കാന്‍ പരിശീലിച്ച അവര്‍ പിന്നീട് കാല്‍ വിരലുകള്‍ കൊണ്ടും വരച്ചു തുടങ്ങുകയായിരുന്നു. തന്‍റെ 16-ാം വയസില്‍ ചിത്രങ്ങള്‍ പങ്കിടാന്‍ തുടങ്ങിയ രാജ സെന്നയെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നുണ്ട്.
അടുത്തിടെ നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലുള്ള തന്‍റെ സ്റ്റുഡിയോയില്‍ വച്ച് സിനിമാ താരങ്ങളെയും കഥാപാത്രങ്ങളെയും അവര്‍ വരച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒരേ സമയം ഒന്നിലധികം ചിത്രങ്ങള്‍ ചെയ്യുമ്പോഴും തനിക്കതില്‍ ഏകാഗ്രത ലഭിക്കറുണ്ടെന്നും അതിനൊരു കാരണം വരയ്ക്കുമ്പോള്‍ താന്‍ പാട്ടുകള്‍ കേള്‍ക്കുന്നു എന്നതാണെന്ന് രാജ സെന്ന പറഞ്ഞുവയ്ക്കുന്നു. ഏതായാലും അന്താരാഷ്ട്ര മാധ്യമങ്ങളും രാജ സെന്നയുടെ ഈ അത്ഭുത കഴിവിനെ ഇപ്പോൾ വാര്‍ത്തയാക്കിയിരിക്കുകയാണ്.