മത്സര വിജയിയായ 15കാരന്‍ 33 ലക്ഷം രൂപ ശമ്പളം പറഞ്ഞ് യുഎസ് കമ്പനി; പ്രായം അറിഞ്ഞപ്പോള്‍ പിന്മാറ്റം
Saturday, July 23, 2022 5:10 PM IST
അടുത്തിടെ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നിന്നുള്ള ഒരു കമ്പനി ഓണ്‍ലൈന്‍ വഴി ഒരു മത്സരം നടത്തിയിരുന്നു. കമ്പനിക്ക് ആവശ്യമായ വെബ്സൈറ്റ് വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു മത്സരം. വിജയികള്‍ക്ക് അമേരിക്കയില്‍ ഭീമമായ ശമ്പളത്തോടുകൂടിയുള്ള ജോലിയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള വേദാന്ത് ദിയോകാത്തെ എന്ന 15കാരന്‍ അവിചാരിതമായാണ് ഈ പരസ്യം ശ്രദ്ധിച്ചത്. താനുമാ മത്സരത്തില്‍ പങ്കെടുക്കാന്‍ വേദാന്ത് തീരുമാനിച്ചു.
ഏകദേശം രണ്ട് ദിവസത്തിനുള്ളില്‍ 2066 കോഡ് കോഡുകള്‍ എഴുതി നാഗ്പൂരില്‍ നിന്നുള്ള ഈ കൗമാരക്കാരന്‍ മത്സരത്തില്‍ ഒന്നാമനായി. ലോകമെമ്പാടുമുള്ള 1000ലധികമുള്ള എന്‍ട്രികളില്‍ നിന്നാണ് വേദന്ത് വിജയിയായത്.
വൈകാതെ പ്രതിവര്‍ഷം 33 ലക്ഷം രൂപ ശമ്പളമുള്ള ജോലി വേദാന്തിന് കമ്പനി വാഗ്ദാനം ചെയ്തു. എന്നാല്‍ തങ്ങള്‍ ജോലി നല്‍കാന്‍ പോകുന്നയാള്‍ക്ക് പ്രായം വെറും 15 മാത്രമാണെന്ന് കമ്പനിക്ക് പിന്നീടാണ് മനസിലായത്.
ചില നിയമ തടസങ്ങള്‍ നിമിത്തം സ്ഥാപനം തങ്ങളുടെ ഓഫര്‍ താത്ക്കാലികമായി പിന്‍വലിച്ചു. വേദാന്തിനോട് നിരാശപ്പെടരുതെന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തങ്ങളെ ബന്ധപ്പെടണമെന്നുമാണ് കമ്പനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
മകന്‍റെ നേട്ടത്തില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് പ്രഫസര്‍മാരായ വേദാന്തിന്‍റെ മാതാപിതാക്കള്‍. മകനൊരു പുതിയ ലാപ്ടോപ്പ് സമ്മാനമായി അവര്‍ വാങ്ങി നല്‍കുകയും ചെയ്തു.