വയറു വേദനയുമായി ആശുപത്രിയിൽ എത്തി; ജന്മം നൽകിയത് മൂന്ന് കുഞ്ഞുങ്ങൾക്ക്
Sunday, August 25, 2019 10:37 AM IST
ഗർഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. തന്റെയുള്ളിൽ ഒരു കുഞ്ഞ് വളർന്നുകൊണ്ടിരിക്കുന്നു എന്ന അറിവ് അത്യാനന്ദവും ഉന്മേഷവുമാണ് അവരിൽ ഉളവാക്കുന്നത്. എന്നാൽ അമേരിക്കയിൽ നിന്ന് കൗതുകകരമായ ഒരു പ്രസവ വാർത്തയാണ് പുറത്തുവന്നത്.
ഡാനറ്റ് ഗ്ലിസ് എന്ന യുവതിയാണ് സംഭവകഥയിലെ നായിക. പെട്ടെന്ന് ഒരു ദിവസം ഡാനറ്റിന് കലശലായ വയറുവേദന. കട്ടിലിൽ കിടന്നു നിലവിളിച്ച ഡാനറ്റിനെ ഭർത്താവ് ഓസ്റ്റിൻ ആശുപത്രിയിലെത്തിച്ചു. മൂത്രത്തിൽ കല്ലാണെന്ന് ഉറപ്പിച്ചാണ് ഡാനറ്റ് ആശുപത്രിയിലെത്തിയത്.
പക്ഷെ അപ്രതീക്ഷിത സംഭവങ്ങളാണ് പിന്നീട് നടന്നത്. യുവതിയെ പരിശോധിച്ച ഡോക്ടർ സംഭവമറിഞ്ഞ് ആശ്ചര്യപ്പെട്ടു. ഡാനറ്റ് 34 ആഴ്ച ഗർഭിണിയാണ്! ഡോക്ടറുടെ വാക്കുകേട്ട് ഡാനറ്റും ഞെട്ടി. ഗർഭകാലത്ത് സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന യാതൊരു ബുദ്ധിമുട്ടും ഡാനറ്റിനുണ്ടായിരുന്നില്ലത്രേ.
വൈകാതെ ഡോക്ടർമാർ സിസേറിയൻ നടത്തി. ഒന്നും രണ്ടുമല്ല മൂന്നു കുഞ്ഞുങ്ങളാണ് ഡാനറ്റിന്റെ വയറ്റിലുണ്ടായിരുന്നത്. രണ്ടു കുഞ്ഞുങ്ങളേ ഉള്ളുവെന്നാണ് ആദ്യം ഡോക്ടർമാർ കരുതിയത്. നാലു മിനിറ്റിന്റെ വ്യത്യാസത്തിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്.
രണ്ട് ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞുമാണ് ഡാനറ്റിന് ജനിച്ചത്. ബ്ലേസ്, ജിപ്സി, നിക്കി എന്നിങ്ങനെയാണ് ദന്പതികൾ കുഞ്ഞുങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ. നാലു പൗണ്ട് (ഏകദേശം 1.8 കിലോഗ്രാം) ഭാരം ഓരോ കുഞ്ഞിനുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി അച്ഛനും അമ്മയുമായതിന്റെ ത്രില്ലിലാണ് ഡാനറ്റും ഓസ്റ്റിനും.
എസ്ടി