നിയമം ലംഘിച്ച് എഫ്എസ്എസ്എഐ: മായം കലർന്ന 2000 കിലോയിലധികം പാലുൽപ്പന്നങ്ങൾ പുഴയിൽ തള്ളി; പരിസ്ഥിതി മലിനീകരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ജനരോഷം
Monday, October 20, 2025 4:20 PM IST
രാജസ്ഥാനിലെ അജ്മേറിൽ മായം കലർത്തിയ 2000 കിലോയിലധികം വരുന്ന പാലുൽപ്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പുഴയിലേക്ക് വലിച്ചെറിഞ്ഞ നടപടിയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നു.
ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ പാലിക്കേണ്ട, നിലവാരമുള്ള ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി, പ്ലാസ്റ്റിക് കണ്ടെയ്നറുകൾ സഹിതം മലിനവസ്തുക്കൾ പുഴയിലേക്ക് തള്ളിയതാണ് ജനരോഷത്തിന് കാരണമായത്.
മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത് നല്ല നടപടിയാണെങ്കിലും, അത് നീക്കം ചെയ്യുന്നതിൽ വന്ന ഗുരുതരമായ വീഴ്ച, ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ അതിനേക്കാൾ വലിയ ജലമലിനീകരണ പ്രശ്നം സൃഷ്ടിച്ചു എന്ന വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
അഹമ്മദാബാദിൽ നിന്നും സ്വകാര്യ ബസിൽ കൊണ്ടുവന്ന 2175 കിലോ മായം കലർത്തിയ കേക്ക് ആണ് അജ്മേർ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. ഇതിന്റെ സാമ്പിളുകൾ എടുത്ത ശേഷം നശിപ്പിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞത്.
സാധാരണയായി, എഫ്എസ്എസ്എഐ ഇത്തരം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കത്തിച്ചോ, കമ്പോസ്റ്റ് ചെയ്തോ ആണ് നശിപ്പിക്കേണ്ടത്. ഒരു ഉദ്യോഗസ്ഥന്റെയും രണ്ട് സ്വതന്ത്ര സാക്ഷികളുടെയും മേൽനോട്ടത്തിൽ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ എന്നും നിയമമുണ്ട്.
എന്നാൽ, ഇതിനെല്ലാം വിരുദ്ധമായി, രണ്ട് ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് പാത്രങ്ങളിലുള്ള മിൽക്ക് കേക്ക് പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ നടപടിയെ "വിഡ്ഢിത്തം' എന്ന് വിശേഷിപ്പിക്കുകയും, "ഇത്രയും ബോധമില്ലാത്ത ഉദ്യോഗസ്ഥരാണോ? മലിനീകരണം ഉണ്ടാക്കുകയും അത് ക്യാമറയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു," തുടങ്ങിയ കമന്റുകളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.