ജർമ്മനിയുടെ മണ്ണിനടിയിൽ മറഞ്ഞുകിടന്ന രഹസ്യം: നാസി സൈനികർ ഉപയോഗിച്ച, 81 വർഷം പഴക്കമുള്ള ബങ്കർ കണ്ടെത്തി
Thursday, October 16, 2025 6:57 PM IST
ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അവിശ്വസനീയമായ ഒരുകൂട്ടം കണ്ടെത്തലുകളാണ് ജർമ്മനിയിലെ ഒരു സാഹസികൻ പുറം ലോകത്തെത്തിച്ചിരിക്കുന്നത്. 1944-ൽ നാസി സൈനികർ ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്ന, രണ്ടാം ലോകമഹായുദ്ധകാലത്തെ ഭൂഗർഭ ബങ്കറിലാണ് ഇദ്ദേഹം ചെന്നെത്തിയത്.
സാഹസികവും ഉപേക്ഷിക്കപ്പെട്ടതുമായ ഇടങ്ങളിലെ യാത്രകളിലൂടെ പ്രശസ്തനായ കാർസ്റ്റൻ റോബർട്ട് ആണ് ഈ കണ്ടെത്തലിന് പിന്നിൽ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം 20 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. 81 വർഷം പഴക്കമുള്ള ഈ തുരങ്കത്തിലേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ റോബർട്ട് പങ്കുവെച്ചതോടെയാണ് ഇത് ആഗോളതലത്തിൽ ചർച്ചയായത്.
റോബർട്ടും സംഘവും, ഇടുങ്ങിയതും കുത്തനെയുള്ളതുമായ തുരങ്കത്തിലൂടെയാണ് ഭൂമിക്കടിയിലേക്ക് പ്രവേശിക്കുന്നത്. ഉള്ളിലെത്തിയതോടെ, പുറംലോകവുമായി ബന്ധമില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് ചുവടുവെച്ച പ്രതീതിയാണ് ഇവർക്കുണ്ടായത്. അകത്ത്, തുരുമ്പെടുത്ത ഇരുമ്പ് വാതിലുകളും, ദ്രവിച്ച പൈപ്പുകളും, യുദ്ധകാലം മുതൽ ഉപയോഗിക്കാതെ കിടക്കുന്ന യന്ത്രസാമഗ്രികളും ഉണ്ടായിരുന്നു.
അന്നത്തെ സൈനികർ ഉപേക്ഷിച്ചതാകാൻ സാധ്യതയുള്ള പഴയ മദ്യക്കുപ്പിയും ഇവർക്ക് ഇവിടെ നിന്നും കണ്ടെത്താനായി. എന്നാൽ, ഈ കാഴ്ചകൾക്കിടയിൽ കാർസ്റ്റൻ റോബർട്ടിന്റെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചുപറ്റിയത് ബങ്കറിന്റെ ചുമരുകളിലെ നിഗൂഢമായ അടയാളങ്ങളാണ്. ഈ ചിഹ്നങ്ങളുടെയും ലിഖിതങ്ങളുടെയും യഥാർഥ അർഥം ഇന്നും അജ്ഞാതമായി തുടരുന്നു.
ചരിത്രപരമായി പ്രാധാന്യമുള്ള ഈ നിഗൂഢതകൾ കാഴ്ചക്കാരിൽ വലിയ ആകാംക്ഷയാണ് ജനിപ്പിച്ചത്. ഈ സാഹസിക ദൃശ്യങ്ങൾ ഇതിനോടകം 20 ലക്ഷത്തോളം കാഴ്ചകൾ പിന്നിട്ടു കഴിഞ്ഞു. അപകടകരമായ ഇത്തരമൊരു ഇടത്തേക്ക് വീണ്ടും വീണ്ടും റോബർട്ട് എങ്ങനെ പ്രവേശിക്കുന്നു എന്ന് പലരും കമന്റുകളിലൂടെ ചോദിച്ചു.
ചിലർ, ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങളാണോയെന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ, പതിറ്റാണ്ടുകൾ പഴക്കമുള്ള, വായുസഞ്ചാരം കുറഞ്ഞ ഇത്തരം ഭൂഗർഭ അറകളിലെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരും ഉണ്ടായിരുന്നു. എങ്കിലും, മറഞ്ഞിരിക്കുന്ന ചരിത്രസത്യങ്ങളെ തേടി പോകുന്ന ഈ സാഹസികന്റെ ധൈര്യത്തെ ലോകം അഭിനന്ദിക്കുകയാണ്.