ചപ്പാത്തിയും സ്ട്രോബെറി ഐസ്ക്രീമും; ഇത് വിപ്ലവമോ വിഡ്ഢിത്തമോ?
Wednesday, October 15, 2025 5:37 PM IST
വ്യത്യസ്തമായ ഭക്ഷണ കോമ്പിനേഷനുകൾക്കായുള്ള മനുഷ്യന്റെ അന്വേഷണം അവസാനിക്കുന്നില്ല. ചില പരീക്ഷണങ്ങൾ നമ്മൾ തലയിൽ കൈവെച്ചുപോവുന്നത്ര വിചിത്രമായിരിക്കും. സമൂസയിൽ ചോക്ലേറ്റ് സോസ് ഒഴിച്ച് കഴിക്കുന്നതും, മാഗി നൂഡിൽസിൽ വിപ്പിംഗ് ക്രീം ചേര്ക്കുന്നതുമൊക്കെയായി ഇത്തരം വിചിത്ര രുചിക്കൂട്ടുകളുടെ ലോകം വലുതാണ്.
ഈ പരമ്പരയിലെ ഏറ്റവും പുതിയ, അമ്പരപ്പിക്കുന്ന പരീക്ഷണമാണ് ഒരു സ്ത്രീ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ശ്രദ്ധ നേടിയത്. ഗോതമ്പ് ചപ്പാത്തിയും സ്ട്രോബെറി-വാനില ഐസ്ക്രീമും ചേർത്തുള്ള കോമ്പോ.
മധുരവും എരിവും ചേർന്ന ഈ കൂട്ട്, അത്ര രുചികരമാണോ അതോ പരാജയമാണോ എന്ന ചോദ്യമാണ് ഭക്ഷണപ്രേമികൾക്കിടയിൽ ഉയരുന്നത്. വൈറലായ ഈ വീഡിയോയിൽ, ഒരു സ്ത്രീ ചപ്പാത്തിയുടെ ഒരറ്റത്ത് ഐസ്ക്രീം കോരിയിട്ട് കഴിക്കുന്നതും, അതിന്റെ രുചിയിൽ സംതൃപ്തി പ്രകടിപ്പിക്കുന്നതും കാണാം.
"നിങ്ങൾ എപ്പോഴെങ്കിലും ചപ്പാത്തി, ഐസ്ക്രീം ചേർത്ത് കഴിച്ചിട്ടുണ്ടോ?' എന്ന് അവർ കാഴ്ചക്കാരോട് ചോദിക്കുന്നു. "ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിൽ, ഉടൻ തന്നെ കഴിച്ചുനോക്കൂ. നല്ല രുചികരമാണ്,' എന്നും അവർ പ്രേക്ഷകരോട് പറയുന്നു.
ഈ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി. ഉപയോക്താക്കളിൽ നിന്നും നിരവധി പ്രതികരണങ്ങളാണ് ഈ കോമ്പിനേഷന് ലഭിച്ചത്. ചിലർക്ക് ഇത് കണ്ടിട്ട് കൊതി തോന്നിയപ്പോൾ, മറ്റു ചിലർ വിമർശനവുമായി രംഗത്തെത്തി.
"കാണാൻ വിചിത്രമാണെങ്കിലും രുചിയുള്ളതായി തോന്നുന്നു' എന്ന് ഒരാൾ കുറിച്ചപ്പോൾ, "ഐസ്ക്രീമിന് നീതി ലഭിക്കട്ടെ' എന്ന് മറ്റൊരാൾ തമാശ രൂപേണ എഴുതി. ഒരാൾ പരിഹാസരൂപേണ, "നിങ്ങൾ എപ്പോഴെങ്കിലും സാധാരണ പോലെ പെരുമാറാൻ ശ്രമിച്ചിട്ടുണ്ടോ? അത് ഇതിലും രസകരമാണ്' എന്നും പറഞ്ഞു.
അതേസമയം, "ചപ്പാത്തിയെക്കുറിച്ച് എനിക്കറിയില്ല, പക്ഷെ ഞാൻ ദോശയ്ക്കൊപ്പം ഐസ്ക്രീം ചേർത്ത് കഴിച്ചിട്ടുണ്ട്, അത് ശരിക്കും നല്ലതായിരുന്നു' എന്ന് സ്വന്തം അനുഭവം പങ്കുവെച്ചവരുമുണ്ട്.