നിഴൽ പോലെ ഒപ്പമുള്ള രോഗം: വിഷാദരോഗത്തിന്റെ ആഴം വരച്ചുകാട്ടി, റഷ്യൻ നടിയുടെ വൈറൽ വീഡിയോ
Wednesday, October 15, 2025 4:12 PM IST
റഷ്യൻ നടി ടാന്യ ഗലാഖോവ വിഷാദരോഗം അനുഭവിക്കുന്നതിന്റെ തീവ്രവും സത്യസന്ധവുമായ വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ 12 ലക്ഷത്തിലധികം ആളുകൾ കണ്ടു.
മാനസികാരോഗ്യ പോരാട്ടങ്ങളെക്കുറിച്ചുള്ള, തുറന്ന അവതരണത്തിന് കാഴ്ചക്കാർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. പലപ്പോഴും വാക്കുകളാൽ വിശദീകരിക്കാൻ കഴിയാത്ത വിഷാദത്തിന്റെ നിശബ്ദ ഭാരം ഈ വീഡിയോ ശക്തമായി വരച്ചുകാട്ടുന്നു. വിഷാദരോഗത്തെ ഒരു ഭൗതിക ശക്തിയായിട്ടാണ് വീഡിയോയിൽ ഗലാഖോവ അവതരിപ്പിക്കുന്നത്.
അത് ശരീരത്തെയും അവളുടെ പ്രവർത്തനങ്ങളെയും പതിയെ കീഴടക്കുന്നു. അവസാനമില്ലാത്ത സ്ക്രോളിംഗ്, വീട്ടിലെ ഒതുങ്ങിക്കൂടൽ, സംഭാഷണങ്ങളിൽ നിന്നും അകന്നുനിൽക്കൽ, മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടൽ തുടങ്ങിയ ദൈനംദിന ജീവിതത്തിലെ അദൃശ്യമായ രീതികളിലൂടെ വിഷാദം എങ്ങനെ ആധിപത്യം സ്ഥാപിക്കുമെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.
വീഡിയോയിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യം ടാന്യ ചാരനിറത്തിലുള്ള കണ്ണടകൾ ധരിക്കുന്നതാണ്. ഇത് ചുറ്റുമുള്ള ലോകത്തെ പെട്ടെന്ന് നിറം മങ്ങിയതും നിർജ്ജീവവുമായ ഭൂപ്രകൃതിയായി മാറ്റുന്നു. ഈ വൈകാരികമായ അവതരണം കാഴ്ചക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കി.
വിഷാദം അനുഭവിച്ചറിഞ്ഞ ആയിരക്കണക്കിന് ആളുകളാണ് കമന്റുകളിലൂടെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. “ഈ ചാരനിറത്തിലുള്ള കണ്ണടകൾ എനിക്ക് വളരെ പരിചിതമാണ്. എന്റെ സഹോദരൻ മരിച്ചതിന് ശേഷം ലോകം അക്ഷരാർഥത്തിൽ മങ്ങുകയും നിർജ്ജീവമാകുകയും ചെയ്തു. എല്ലാ നിറങ്ങളും മങ്ങിപ്പോയി,” എന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു.
“വിഷാദം കൃത്യമായി ഇത് തന്നെയാണ്, എല്ലാം പ്രയാസകരമാക്കുന്ന തോളിലെ ഒരു നിഴൽ. ഈ രോഗത്തിലൂടെ കടന്നുപോകുന്നവർക്ക് എന്റെ എല്ലാ ആശംസകളും,” എന്ന് മറ്റൊരാൾ എഴുതി. “ഇത് പതുക്കെ നിങ്ങളിലൊരാളായി മാറുകയും നിങ്ങൾ അതുമായി തുടർന്ന് ജീവിക്കുകയും, അത് കൂടാതെ നിങ്ങളുടെ യഥാർഥ സ്വത്വം നിങ്ങൾ മറക്കുകയും ചെയ്യുന്നു,” എന്നും ചിലർ അഭിപ്രായപ്പെട്ടു.