മെട്രോ പില്ലറിനുള്ളിൽ പൂച്ച; രക്ഷാപ്രവർത്തനിടെ പൂച്ച താഴേക്ക് ചാടി രക്ഷപെട്ടു
Tuesday, October 14, 2025 5:33 PM IST
ആലുവ മെട്രോ പില്ലറിനുള്ളിൽ അഞ്ച് ദിവസത്തോളമായി കുടുങ്ങി പൂച്ച. കുടുങ്ങിക്കിടക്കുന്ന പൂച്ചയെ താഴെയിറക്കാൻ ആനിമൽ റസ്ക്യൂ സംഘവും അഗ്നിരക്ഷാസേനയുമെത്തി. ആലുവയിൽ 29 ാം നമ്പർ പില്ലറിന് മുകളിൽ പൂച്ചയെ അപകടാവസ്ഥയിൽ കണ്ടതായും പലപ്പോഴും ഭക്ഷണങ്ങൾ എറിഞ്ഞ് കൊടുക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാരും തൊഴിലാളികളും പറഞ്ഞു.
എന്നാൽ അഞ്ച് ദിവസത്തോളമായിട്ടും പൂച്ചയ്ക്ക് രക്ഷപെടാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് നാട്ടുകാർ ആനിമൽ റസ്ക്യൂ സംഘത്തെ വിവരം അറിയിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ പൂച്ചയെ കണ്ടെത്തിയെങ്കിലും പില്ലറിന്റെ ഉയരം ലാഡറിനേക്കാൾ കൂടുതലായതിനാൽ രക്ഷാപ്രവർത്തനത്തിൽ ആശങ്ക നിലനിന്നിരുന്നു.
എന്നാൽ ക്രെയിനിന്റെ സഹായത്തോടെ അഗ്നിരക്ഷാസേന പൂച്ചയെ രക്ഷപെടുത്താൻ പില്ലറിൽ കയറിയെങ്കിലും പൂച്ച താഴേക്ക് ചാടി രക്ഷപെട്ടു. രക്ഷാപ്രവർത്തനം കാണാൻ നിരവധി ആളുകളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. താഴെയിറങ്ങിയ പൂച്ചക്ക് പരിക്കുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം.