"ഇന്ത്യയിലെ ആദ്യത്തെ സർപഞ്ച് പൈലറ്റ്': സാഹസിക പാരാഗ്ലൈഡിംഗുമായി സുഖ്ചരൺ നിക്ക ബ്രാർ താരമാവുന്നു
Tuesday, October 14, 2025 2:53 PM IST
പഞ്ചാബിലെ ഗ്രാമമുഖ്യനായ സുഖ്ചരൺ നിക്ക ബ്രാർ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ പറക്കും താരമാണ്. മുക്ത്സർ ജില്ലയിലെ ഉദെ കരൺ എന്ന ഗ്രാമത്തിലെ സർപഞ്ചാണ് ഇദ്ദേഹം. സ്വന്തമായി പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ സ്റ്റണ്ട് എന്നിവ നടത്തുന്ന വീഡിയോകൾ പോസ്റ്റ് ചെയ്താണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ പൈലറ്റായ സർപഞ്ച് താനാണെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. പഞ്ചാബിലെ അതിമനോഹരമായ പ്രദേശത്തിന് മുകളിലൂടെയുള്ള ഇദ്ദേഹത്തിന്റെ പറക്കൽ വീഡിയോകൾ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരിക്കും അത്ഭുതപ്പെട്ടിരിക്കുകയാണ്.
ഇദ്ദേഹം പറത്തുന്ന പാരാഗ്ലൈഡർ വിമാനം കണ്ടാൽ, പൂർത്തിയാക്കാത്തതോ കേടുപാടുകൾ ശരിയാക്കിയതോ ആയ ഉപകരണം പോലെ തോന്നുമെങ്കിലും, അതിലൂടെയുള്ള ഇദ്ദേഹത്തിന്റെ ആകാശയാത്രകൾ ആരെയും ആകർഷിക്കും.
ഒക്ടോബർ 10-ന് ഇദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇദ്ദേഹത്തെ പെട്ടെന്ന് വൈറലാക്കിയത്. തിരക്കേറിയ പഞ്ചാബ് ഹൈവേയുടെയും അതിനോട് ചേർന്ന നഗരത്തിന്റെയും ആകാശക്കാഴ്ചകൾ മനോഹരമായി വിഡിയോയിൽ കാണാം.
ക്യാമറ തിരിയുമ്പോൾ, കണ്ണുകളിൽ ഒട്ടും ഭയമില്ലാതെ, വളരെ സുഖമായി പാരാഗ്ലൈഡിംഗ് വിമാനത്തിൽ ഇരിക്കുന്ന ബ്രാറിനെ കാണാം. ഈ ‘പറക്കും സിഖിന്റെ’ അനായാസമായ യാത്ര സോഷ്യൽ മീഡിയ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുകയും, ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കുകയും ചെയ്തു.
സുഖ്ചരൺ നിക്ക ബ്രാർ "മോട്ടോർ പാരാഗ്ലൈഡിംഗ് ട്രെയിനിംഗ് സ്കൂൾ' നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലൂടെ ഇദ്ദേഹം ചെറുപ്പക്കാർക്കും സാഹസിക വിനോദത്തിൽ താല്പര്യമുള്ളവർക്കും പാരാഗ്ലൈഡിംഗിലും പാരാമോട്ടോറിലും പരിശീലനം നൽകുന്നു. ഇതിനുപുറമെ, ആളുകൾക്ക് പാരാഗ്ലൈഡിംഗ് അനുഭവം നൽകുന്നതിനായി ഇദ്ദേഹം അവരെ ജോയ്റൈഡുകൾക്കായി കൊണ്ടുപോകാറുമുണ്ട്.
ഏത് തരം ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും ആകാശത്ത് നിന്ന് പുഷ്പങ്ങൾ വർഷിക്കുന്ന സേവനവും ഇദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. "ആകാശമാണ് എന്റെ കളിസ്ഥലം, ജീവിതത്തിലെ ഏറ്റവും നല്ല സമയം ഞാൻ ആസ്വദിക്കുകയാണ്' ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പാരാഗ്ലൈഡിംഗ് സ്റ്റണ്ട് വീഡിയോയ്ക്കൊപ്പം ബ്രാർ കുറിച്ചു.
ഈ വീഡിയോയിൽ, ഇദ്ദേഹം വളരെ വേഗത്തിൽ, ഭൂമിയോട് അടുത്ത്, എന്നാൽ വായുവിലൂടെ പറക്കുകയും, കാഴ്ചക്കാരെ നോക്കി പുഞ്ചിരിക്കുകയും കൈവീശിക്കാണിക്കുകയും, നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കിടയിലൂടെ വിദഗ്ദധമായി പറന്നുപോവുകയും ചെയ്യുന്നുണ്ട്. പ്രായം ഇദ്ദേഹത്തിന്റെ സാഹസികതയ്ക്ക് ഒരു തടസമേയല്ലെന്ന് ഇദ്ദേഹം തെളിയിക്കുന്നു.