ട്രക്കിംഗിനിടെ മലയിടുക്കിൽ പരിക്കേറ്റ് കുടുങ്ങിയ നായയെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
Monday, October 13, 2025 5:49 PM IST
അരിസോണയിലെ ഫീനിക്സിനടുത്ത് ട്രക്കിംഗിനിടെ പരിക്കേറ്റ് കുടുങ്ങിപ്പോയ നായയെ സാഹസികമായി ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയ സംഭവം മൃഗസ്നേഹികളുടെ ഹൃദയം കവർന്നു. ഉടമയോടൊപ്പം മലകയറുന്നതിനിടെ കുന്നിൻപ്രദേശത്തെ ദുർഘടമായ പാതയിൽ വെച്ചായിരുന്നു അപകടം.
പരിക്കേറ്റതിനെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാതിരുന്ന നായയ്ക്ക് വേണ്ടി ഉടമയാണ് സഹായം തേടിയത്. വിവരം ലഭിച്ച ഉടൻ തന്നെ മാരിക്കോപ്പ കൗണ്ടി ഷെരീഫ്സ് ഓഫീസിലെ (എംസിഎസ്ഒ) രക്ഷാസംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ബാറ്റിൽഷിപ്പ് റോക്കിനടുത്തുള്ള ചെങ്കുത്തായ മലയിടുക്കിലാണ് നായയെയും ഉടമയെയും കണ്ടെത്തിയത്.
പ്രദേശത്തെ കടുപ്പമേറിയ ഭൂപ്രകൃതിയും ഉയർന്ന താപനിലയും കാരണം നായയെ ചുമന്ന് താഴെയെത്തിക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് രക്ഷാപ്രവർത്തകർ വിലയിരുത്തി. തുടർന്ന്, എംസിഎസ്ഒ-യുടെ ഏവിയേഷൻ ഡിവിഷൻ, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.
അതീവ ശ്രദ്ധയോടെയുള്ള ദൗത്യത്തിലൂടെ, പരിക്കേറ്റ നായയെ പ്രത്യേക കെ9 റെസ്ക്യൂ ഹാർനെസിൽ കിടത്തി, ഹെലികോപ്റ്ററിലേക്ക് ഉയർത്തി. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തിന് മുകളിലൂടെ നായ പതിയെ ഉയർന്നു പൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു.
ഗുരുതരമായി പരിക്കേറ്റ നായയെ മൃഗാശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. "ട്രക്കിംഗിനിടെ പരിക്കേറ്റ് നടക്കാൻ കഴിയാതായതിനെ തുടർന്നാണ് അതിരാവിലെ ബാറ്റിൽഷിപ്പ് റോക്കിനടുത്ത് ഞങ്ങളുടെ ഏവിയേഷൻ വിഭാഗം എത്തിയത്. ആഴത്തിലുള്ള മലയിടുക്കിൽ നിന്നും നായയെയും ഉടമയെയും പ്രത്യേക രക്ഷാ ഹാർനെസ് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപെടുത്തി,' എന്ന് എംസിഎസ്ഒ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
രക്ഷാസംഘത്തിന്റെ സമയോചിത ഇടപെടലും മൃഗങ്ങളോടുള്ള അനുകമ്പയും കാരണമാണ് നായയെ രക്ഷിക്കാനും ഉടമയോടൊപ്പം വീണ്ടും ചേർക്കാനും സാധിച്ചത്. ഈ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് അഭിനന്ദന പ്രവാഹമുണ്ടാകുകയും ചെയ്തു.