ഒഴുക്കിൽപ്പെട്ട കുട്ടിയാനയ്ക്ക് തിരികെ ജീവിതം നൽകി: ഹൃദയസ്പർശിയായി, കുർസിയോങ്ങിലെ രക്ഷാദൗത്യം
Monday, October 13, 2025 3:25 PM IST
പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട 15 ദിവസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ പശ്ചിമ ബംഗാളിലെ വനപാലകർ സാഹസികമായി രക്ഷിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. കുർസിയോങ് ഡിവിഷനിലെ മെത്തിബാരി പ്രദേശത്തുവെച്ചാണ്, മേച്ചീ നദിയുടെ ശക്തമായ ഒഴുക്കിൽ ഒറ്റപ്പെട്ടുപോയ ആനകുഞ്ഞന് വനപാലകർ രക്ഷകരായത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പർവീൺ കസ്വൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാണ്. വനപാലകർ ഈ കുട്ടിയാനയെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത്, സുരക്ഷിതമായി പുതിയ താവളത്തിലേക്ക് എത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആദ്യഘട്ടത്തിൽ, രക്ഷിച്ച കുട്ടിയാനയെ അതിന്റെ അമ്മയുമായി തിരികെ ചേർക്കാനുള്ള ശ്രമങ്ങൾ വിദഗ്ധർ നടത്തി. എന്നാൽ, മനുഷ്യരുമായി അടുത്തിടപഴകിയാൽ ആനക്കൂട്ടം അംഗങ്ങളെ സ്വീകരിക്കാൻ മടിക്കുന്ന പ്രകൃതം കാരണം, അമ്മയാന ഈ കുട്ടിയാനയെ ഉപേക്ഷിച്ചു.
ആന വിദഗ്ദധയായ പാർവതി ബറുവയാണ് ഈ പ്രതിഭാസം സ്ഥിരീകരിച്ചത്. മനുഷ്യന്റെ സ്പർശം ഏൽക്കുന്ന കുഞ്ഞുങ്ങളെ കൂട്ടം സ്വീകരിക്കാതിരിക്കുന്നത് വന്യജീവികളിൽ അസാധാരണമല്ല. ശേഷം, മറ്റ് വഴികളില്ലാതെ കുട്ടിയാനയെ ജൽദാപാറ നാഷണൽ പാർക്കിലെ പിൽഖാനയിലെ വിദഗ്ധ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
നിലവിൽ, വനപാലകരുടെ പരിചരണത്തിൽ കഴിയുന്ന ഈ കുട്ടിയാന ആരോഗ്യവതിയാണെന്ന് ജൽദാപാറ നാഷണൽ പാർക്കിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ പർവീൺ കസ്വൻ അറിയിച്ചു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പാൽപ്പൊടിയിൽ മരുന്ന് ചേർത്താണ് ഭക്ഷണം നൽകുന്നത്. ഈ രക്ഷാപ്രവർത്തനത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.